ക്യൂബയ്‌ക്കെതിരായ നടപടി; അമേരിക്കയുടെ വിശ്വാസ്യത തകര്‍ന്നെന്ന് ചൈന

ബീജിംഗ്: ക്യൂബയ്‌ക്കെതിരായ അമേരിക്കന്‍ നടപടിയില്‍ വിമര്‍ശനവുമായി ചൈന. ഒരു തെളിവുമില്ലാതെ ഏകപക്ഷീയമായി ക്യൂബയെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി പ്രഖ്യാപിച്ച് അമേരിക്ക വീണ്ടും തങ്ങളുടെ വിശ്വാസ്യത നശിപ്പിച്ചുവെന്ന് ചൈന പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് വിമര്‍ശനം.

ചൈനയുടെ വ്യാവസായിക മേഖലയോടും ക്യൂബയോടും അമേരിക്ക സ്വീകരിക്കുന്ന സമീപനത്തെ ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഡയറക്ടര്‍ ഹുവാ ചുനിയിങ്ങ് അപലപിച്ചു.”ഒരു തെളിവും കാണിക്കാതെ അമേരിക്ക ക്യൂബയെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍പ്പെടുത്തിയിരിക്കുകയാണ്. ഇത്തരത്തില്‍ അടിസ്ഥാന രഹിതമായ വിമര്‍ശനങ്ങള്‍ തന്നെയാണ് ചൈനയ്ക്കെതിരെയും അമേരിക്ക ഉന്നയിക്കുന്നത്. ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്ന ഓരോ ഘട്ടത്തിലും അമേരിക്ക സ്വന്തം വിശ്വാസ്യതയാണ് തകര്‍ക്കുന്നത്,” ഹുവാ ചുനിയിങ്ങ് പറഞ്ഞു.

അമേരിക്കന്‍ നടപടിയ്‌ക്കെതിരെ ശക്തമായ വിമര്‍ശനവുമായി ക്യൂബയും രംഗത്തെത്തിയിരുന്നു. അമേരിക്കയിലെ പരാജയപ്പെട്ടതും, അഴിമതി നിറഞ്ഞതുമായ സര്‍ക്കാര്‍ അവസാനഘട്ടത്തില്‍ ക്യൂബയ്ക്ക് മേല്‍ എറിഞ്ഞ ആയുധമാണ് നടപടി എന്നാണ് ക്യൂബന്‍ പ്രസിഡന്റ് മിഗേല്‍ ഡയാസ് കാനല്‍ പറഞ്ഞത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വലിയ വിള്ളല്‍ വീഴ്ത്തി പടിയിറങ്ങാനുള്ള നീക്കമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അപമാനിക്കപ്പെട്ട, സത്യസന്ധതയില്ലാത്ത, ധാര്‍മ്മികമായി പാപ്പരായ സര്‍ക്കാരിന്റെ അഹങ്കാരമാണിതെന്നാണ് ക്യൂബന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ പ്രതികരിച്ചത്. ക്യൂബയ്‌ക്കെതിരെ ഇതിനും മുന്‍പും അമേരിക്കയില്‍ നിന്ന് ആസൂത്രണം ചെയ്ത ഭീകരവാദ നടപടികളെ ഓര്‍മിച്ചുകൊണ്ടായിരുന്നു നാഷണല്‍ അസംബ്ലി ഓഫ് പീപ്പിള്‍സ് പവര്‍ ഓഫ് ക്യൂബയുടെ പ്രതികരണം.

അഞ്ച് വര്‍ഷത്തിന് ശേഷമാണ് ക്യൂബയെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി അമേരിക്ക വീണ്ടും പ്രഖ്യാപിച്ചത്. തീവ്രവാദ സംഘടനകള്‍ക്ക് ക്യൂബ സഹായം നല്‍കുന്നു എന്നാരോപിച്ചാണ് നടപടി. അധികാരം ഒഴിയാന്‍ ഒമ്പത് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ട്രംപ് ഭരണകൂടം ക്യൂബയ്ക്ക് മേല്‍ പ്രതികാര നടപടി സ്വീകരിച്ചത്. ഈ നടപടി ക്യൂബയ്ക്ക് ശക്തമായ താക്കീതാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞിരുന്നു.

Top