ചെന്നൈ സൂപ്പര്‍ കിങ്സിന് 165 റണ്‍സ് വിജയലക്ഷ്യം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഇന്നത്തെ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്സിന് 165 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. യുവതാരങ്ങളായ പ്രിയം ഗാര്‍ഗ് – അഭിഷേക് ശര്‍മ കൂട്ടുകെട്ടാണ് ഹൈദരാബാദിനെ മാന്യമായ സ്‌കോറിലെത്തിച്ചത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോയെ പുറത്താക്കി ദീപക് ചാഹര്‍ ഹൈദരാബാദിനെ ഞെട്ടിച്ചു. തുടര്‍ന്ന് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും മനീഷ് പാണ്ഡെയും ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോകവെ എട്ടാം ഓവറില്‍ ഷാര്‍ദുല്‍ താക്കൂര്‍ പാണ്ഡെയെ മടക്കി. 21 പന്തില്‍ അഞ്ചു ഫോറുകള്‍ സഹിതം 29 റണ്‍സെടുത്താണ് പാണ്ഡെ മടങ്ങിയത്.

പതിഞ്ഞ താളത്തില്‍ മുന്നേറിയ വാര്‍ണര്‍ ഫാഫ് ഡുപ്ലെസിയുടെ മികച്ച ബൗണ്ടറി ലൈന്‍ ക്യാച്ചില്‍ പുറത്താകുകയായിരുന്നു. 29 പന്തില്‍ നിന്ന് വെറും മൂന്നു ബൗണ്ടറികളോടെ 28 റണ്‍സെടുത്താണ് ക്യാപ്റ്റന്‍ മടങ്ങിയത്. തൊട്ടടുത്ത പന്തില്‍ പ്രിയം ഗാര്‍ഗുമായുള്ള ആശയക്കുഴപ്പത്തെ തുടര്‍ന്ന് കെയ്ന്‍ വില്യംസണ്‍ റണ്ണൗട്ടായതോടെ ഹൈദരാബാദ് പ്രതിസന്ധിയിലായി. 13 പന്തില്‍ ഒമ്പത് റണ്‍സ് മാത്രമായിരുന്നു വില്യംസന്റെ സമ്പാദ്യം. തുടര്‍ന്നായിരുന്നു പ്രിയം ഗാര്‍ഗ് – അഭിഷേക് ശര്‍മ കൂട്ടുകെട്ട് ഹൈദരാബാദിനെ മുന്നോട്ടുനയിച്ചത്.

Top