ഇഡി റെയ്ഡിനെതിരെ സിഎസ്ഐ സഭ; റെയ്ഡിനിടെ സംഘർഷം

തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളജ് തലവരിപ്പണക്കേസുമായി ബന്ധപ്പെട്ട് സിഎസ്‌ഐ സഭാ ആസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധന അവസാനിച്ചു. എല്ലാ രേഖകളും ഇഡി പരിശോധിച്ചെന്നും രേഖകളൊന്നും എടുത്തിട്ടില്ലെന്നും സഭാ പ്രതിനിധി പ്രതികരിച്ചു.

പരിശോധനയ്ക്ക് ശേഷം ഇഡി മടങ്ങി. എല്ലാ രേഖകളും പരിശോധിച്ചു. ടിടി പ്രവീണിന്റെ അക്കൗണ്ട് പരിശോധിച്ചു. 2500 രൂപയാണ് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത്. പാവങ്ങളുടെ തിരുമേനിയാണ്. പാവപ്പെട്ടവരെ സ്നേഹിക്കുന്നയാളാണ്. അദ്ദേഹത്തിനു ലഭിക്കുന്ന ശമ്പളത്തിൻ്റെ 75 ശതമാനം എല്ലാ മാസവും നിർധനരായ കുടുംബങ്ങളിലെ പെൺകുട്ടികൾക്കും മറ്റ് പാവപ്പെട്ടവർക്കും നൽകാറുണ്ട്. രേഖകളൊന്നും എടുത്തിട്ടില്ല. ഒരു നോട്ടീസും നൽകിയിട്ടില്ല എന്നും സഭാ പ്രതിനിധി പറഞ്ഞു.

13 മണിക്കൂറിലധികമാണ് ഇവിടെ ഇഡി റെയ്ഡ് നടന്നത്. സിഎസ്ഐ സഭാ സെക്രട്ടറി ടിടി പ്രവീണിന്റെ രണ്ട് വീടുകളിലും കാരക്കോണം മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിന്റെ വസതിയിലും സഭാ ആസ്ഥാനത്തും കാരക്കോണം മെഡിക്കൽ കോളജിലും ഒരേസമയം പരിശോധന നടന്നു.പരിശോധനയ്ക്ക് പിന്നാലെ ബിഷപ്പ് അനുകൂലികളും ബിഷപ്പിനെ എതിർക്കുന്നവരും തമ്മിൽ സംഘർഷമുണ്ടായി.

Top