ക്രിപ്‌റ്റോകറന്‍സി നിരോധിച്ചു; ബിറ്റ്‌കോയിന്റെ മൂല്യം 4 ശതമാനം ഇടിഞ്ഞു

തുര്‍ക്കി കേന്ദ്ര ബാങ്ക് ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് ബിറ്റ്‌കോയിന്റെ മൂല്യം നാലു ശതമാനം ഇടിഞ്ഞു. മറ്റ് ക്രിപ്‌റ്റോ കറന്‍സികളായ എതേറിയം, എക്‌സ്ആര്‍പി എന്നിവയുടെ മൂല്യത്തില്‍ 6 മുതല്‍ 12 ശതമാനവും കുറവുണ്ടായി.
എല്ലാ ക്രിപ്‌റ്റോ ആസ്തികളുടെ ഇടപാടുകളും തുര്‍ക്കിയില്‍ നിരോധിച്ചിട്ടുണ്ട്.

ഉത്പന്നങ്ങള്‍ വാങ്ങുന്നതിനോ സേവനങ്ങള്‍ക്കുള്ള പ്രതിഫലമായോ നേരിട്ടോ അല്ലാതേയോ ക്രിപ്‌റ്റോ കറന്‍സികള്‍ ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്. നിരോധിച്ച കറന്‍സികളുമായി ഇടപാടു നടത്തുമ്പോള്‍ കനത്ത നഷ്ടമുണ്ടായേക്കാമെന്നും അതുകൊണ്ട് ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ വിനിമയം ഉടന്‍ നിര്‍ത്തണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുുണ്ട്.

റോള്‍സ് റോയ്‌സിന്റെയും ലോട്ടസ് കാറുകളുടെയും തുര്‍ക്കിയിലെ വിതരണക്കാരായ റോയല്‍ മോട്ടോഴ്‌സ് ക്രിപ്‌റ്റോകറന്‍സി ഈയാഴ്ചയാണ് സ്വീകരിക്കാന്‍ തുടങ്ങിയത്. അതിനുപിന്നാലെയാണ് നിയമം വഴി ക്രിപ്‌റ്റോ ഇടപാടുകള്‍ തുര്‍ക്കി നിരോധിച്ചത്.
തുര്‍ക്കിയിലെ ക്രിപ്‌റ്റോ വിപണിക്ക് വന്‍തിരിച്ചടിയായി സര്‍ക്കാര്‍ തീരുമാനം.

ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ക്രിപ്‌റ്റോകറന്‍സി നിരോധനവുമായി മുന്നോട്ടുപോകുകയാണ്. ഭാവിയില്‍ കൂടുതല്‍ രാജ്യങ്ങള്‍ ഇത്തരത്തിലുള്ള ഡിജിറ്റല്‍ കറന്‍സി നിരോധനവുമായി എത്തിയേക്കാം.

 

Top