ഏഴ് വയസ്സുകാരന് ക്രൂരമർദനം; രണ്ടാനച്ഛനെതിരെ കേസെടുക്കണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി

ഇടുക്കി: തൊടുപുഴയില്‍ ഏഴ് വയസ്സുകാരനെ മര്‍ദിച്ചത് രണ്ടാനച്ഛനെന്ന് ഇളയകുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് മൊഴി നല്‍കി. സഹോദരനായ നാല് വയസുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടാനച്ഛനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പൊലീസിന് നിര്‍ദ്ദേശം നല്‍കി.

തൊടുപുഴ കുമാരനെല്ലൂർ സ്വദേശിയായ എഴ് വയസ്സുകാരനാണ് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിക്രൂരമായി മര്‍ദ്ദനമേറ്റ നിലയില്‍ കുട്ടിയെ കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്.

രക്തത്തിൽ കുളിച്ച നിലയിൽ കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മർദ്ദന വിവരം പുറത്തറിയുന്നത്. സോഫയിൽ നിന്ന് വീണ് കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റെന്നാണ് മാതാപിതാക്കൾ ആശുപത്രി അധികൃതരെ അറിയിച്ചത്.

എന്നാൽ വിശദ പരിശോധനയിൽ തലയോട്ടി പൊട്ടി തലച്ചോർ പുറത്ത് വന്നതായി കണ്ടെത്തി. തുടർന്ന് പൊലീസിന്‍റെ സഹായത്തോടെ വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ് അബോധാവസ്ഥയിലുള്ള കുട്ടിയുടെ നില അതീവഗുരുതരമാണ്.

തലച്ചോറില്‍ രക്തസ്രാവമുണ്ടെന്നും കുട്ടിയെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചതായും സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

Top