കോൺഗ്രസിൽ നിർണായക നീക്കം; എ.കെ ആന്റണിയെ ഡൽഹിയിലേക്ക്

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾക്കായി മുതിർന്ന നേതാവ് എ.കെ ആന്റണിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. നാളെ സോണിയാ ഗാന്ധിയുമായി ആന്റണി ചർച്ച നടത്തും. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ വഴിമാറിയ സാഹചര്യത്തിലാണ് സോണിയാ ഗാന്ധി തന്റെ വിശ്വസ്തനായ ആന്റണിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്.

രാജസ്ഥാനിലെ രാഷ്ട്രീയ നാടകത്തിന് പിന്നിൽ ഗെഹലോട്ട് ആണെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഗെഹലോട്ടിനെ പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കില്ല. പകരം മുതിർന്ന നേതാക്കളായ കമൽനാഥ്, മുകുൾ വാസ്‌നിക്, മല്ലികാർജുൻ ഖാർഗെ എന്നിവരിൽ ആരെങ്കിലും പ്രസിഡന്റ് സ്ഥാനാർഥിയാവുമെന്നാണ് വിവരം.

കമൽനാഥിനാണ് കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത്. എന്നാൽ മധ്യപ്രദേശിൽ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കമൽനാഥ് ദേശീയ നേതൃത്വത്തിലേക്ക് വരുമോയെന്ന കാര്യവും സംശയമാണ്. ഈ സാഹചര്യത്തിൽ മുകുൾ വാസ്‌നിക്, മല്ലികാർജുൻ ഖാർഗെ എന്നിവരുടെ പേരും നേതൃത്വം പരിഗണിക്കുന്നുണ്ട്.

Top