റയലിനും മാഞ്ചസ്റ്ററിനും ഇന്ന് നിർണായക മത്സരങ്ങൾ

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയ വഴിയിൽ തിരിച്ചെത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നിറങ്ങും. എവേ മത്സരത്തിൽ ന്യുകാസിൽ യുണൈറ്റഡാണ് എതിരാളികൾ. രാത്രി ഒൻപത് മണിക്കാണ് മത്സരം. 26 കളിയിൽ 50 പോയിന്‍റുള്ള യുണൈറ്റഡ് ലീ​ഗിൽ മൂന്നാം സ്ഥാനത്താണ്.
അഞ്ചാമതുള്ള ന്യുകാസിലിന് 47 പോയിന്റാണ് ഉള്ളത്. അവസാന രണ്ട് കളിയിലും യുണൈറ്റഡിന് വിജയിക്കാനായിട്ടില്ല. പ്രീമിയർ ലീഗിൽ പ്രതീക്ഷ നിലനിർത്താൻ യുണൈറ്റഡിന് ജയം അനിവാര്യമാണ്.

പുലർച്ചെ 12.30ന് ടോട്ടനം എവർട്ടണെയും നേരിടും. അതേസമയം, സ്പാനിഷ് ലീ​ഗിൽ റയൽ മാഡ്രിഡും ഇന്ന് നിർണായക പോരാട്ടത്തിനിറങ്ങും. ഇരുപത്തിയേഴാം റൗണ്ട് മത്സരത്തിൽ റയൽ വയ്യഡോലിഡ് ആണ് എതിരാളികൾ. റയലിന്റെ മൈതാനത്താണ് മത്സരം. 56 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ് റയൽ.

പരിക്കേറ്റ ഫെർലാൻഡ് മെൻ‍ഡിയും മാരിയാനോ ഡിയാസും സസ്പെൻഷനിലായ നാച്ചോ ഫെർണാണ്ടസും ഇല്ലാതെയാണ് റയൽ ഇറങ്ങുക. ഇന്ന് പുലർച്ചെ അവസാനിച്ച മത്സരത്തിൽ ബാഴ്സലോണ വിജയിച്ചതോടെ ലീ​ഗിൽ എന്തെങ്കിലും പ്രതീക്ഷ ബാക്കിവയ്ക്കണമെങ്കിൽ റയലിന് വിജയം അത്യാവശ്യമാണ്. ലീ​ഗിൽ വിജയക്കുതിപ്പ് തുടരുകയാണ് ബാഴ്സലോണ. എൽഷെയെ എതിരില്ലാത്ത നാല് ​ഗോളിനാണ് ഇന്ന് തകർത്തത്. റോബർട്ട് ലെവൻഡോവ്സ്കി ഇരട്ട ഗോൾ നേടി. അൻസു ഫാറ്റി, ഫെറാൻ ടോറസ് എന്നിവരാണ് മറ്റ് ഗോളുകൾ നേടിയത്.

ബാഴ്സലോണ പോയിന്റ് പട്ടികയിൽ റയലിനേക്കാൾ 15 പോയിന്റ് ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. ഇന്ന് ജയില്ലെങ്കിൽ ഇതോടെ റയലിന്റെ നില പരുങ്ങലിലാകും. അതേസമയം, ബുണ്ടസ് ലീഗയിലെ നിർണായക മത്സരത്തിൽ ബൊറൂസ്യ ഡോ‍ർട്ട്മുണ്ടിനെ രണ്ടിനെതിരെ നാല് ഗോളിന് തോൽപിച്ച് ബയേൺ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. തോമസ് മുള്ളർ ഇരട്ടഗോൾ നേടി. ബയേൺ മ്യൂണിക്കിൽ വിജയത്തുടക്കാനായത് കോച്ച് തോമസ് ടുഷേലിന്റെ ആത്മവിശ്വാസം കൂട്ടും. 18, 23 മിനിറ്റുകളിലായിരുന്നു മുള്ളറുടെ ഗോളുകൾ.

Top