CRPF women unit to combat Maoists

അജ്മീര്‍: ഇന്ത്യയിലെ നക്‌സലുകളെ ഇല്ലാതാക്കാനുള്ള പോരാട്ടത്തില്‍ ഇനി പെണ്‍പടയും. രാജ്യത്തെ നക്‌സല്‍ ബാധിത മേഖലകളിലെ പോരാട്ടത്തിനായി പ്രത്യേക പരിശീലനം നേടിയ വനിതകളാണ് പാസിങ് ഔട്ട് പൂര്‍ത്തിയാക്കിയത്.

അജ്മീറില്‍ 44 ആഴ്ചത്തെ കഠിന പരിശീലനം പൂര്‍ത്തിയാക്കി 567 പേര്‍ വെള്ളിയാഴ്ച ആക്രമണ സജ്ജരായി. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിന്റെ(സി.ആര്‍.പി.എഫ്.) 232 മഹിളാ ബെറ്റാലിയന്റെ ഭാഗമാണിവര്‍.

ഫോയ് സാഗര്‍ റോഡിലെ സി.ആര്‍.പി.എഫ്. രണ്ടാം ഗ്രൂപ്പ് സെന്ററില്‍ ഡയറക്ടര്‍ ജനറല്‍ കെ.ദുര്‍ഗാപ്രസാദിന്റെ സാന്നിദ്ധ്യത്തിലാണ് പാസിങ് ഔട്ട് നടന്നത്. ഭീകരവാദത്തിനെതിരെ ആത്മവിശ്വാസം വിടാതെ പോരാടാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

നക്‌സല്‍ വിരുദ്ധ പോരാട്ടത്തിനായി മധ്യ ഇന്ത്യയിലായിരിക്കും ഇവരെ വിന്യസിക്കുക.

ഭാരമേറിയതും അത്യാധുനികവുമായ ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള ശേഷി വെളിവാക്കുന്ന പ്രകടനങ്ങളും പാസിങ് ഔട്ട് പരേഡിന് ശേഷം നടന്നു. എല്ലാത്തരം ആയുധങ്ങളും ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പരിശീലനമാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്.

കരാട്ടെയിലും മാപ്പ് ഉപയോഗത്തിലും കൂടാതെ കാട്ടിലെ ദുര്‍ഘട സാഹചര്യത്തില്‍ ജീവിക്കാനുള്ള പരിശീലനവും ലഭിച്ചിട്ടുണ്ട്.

Top