സിആര്‍പിഎഫ്‌ യുദ്ധ കമാന്‍ഡോ സംഘത്തില്‍ വനിതകളെ ഉള്‍പ്പെടുത്തിയേക്കും

ന്യൂഡല്‍ഹി: സി.ആര്‍.പി.എഫിന്റെ യുദ്ധ കമാന്‍ഡോ സംഘമായ കോബ്രയില്‍ വനിതകളെ ഉള്‍പ്പെടുത്താന്‍ ആലോചന. സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍ എ.പി മഹേശ്വരിയാണ് ഇക്കാര്യം അറിയിച്ചത്. കോബ്രയിലേക്ക് സ്ത്രീകളെ എടുക്കുന്നത് ഞങ്ങള്‍ കാര്യമായി തന്നെ പരിഗണിക്കുന്നുണ്ടെന്ന് മഹേശ്വരി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

2008 ലാണ് രാജ്യത്തെ മാവോയിസ്റ്റ് ഭീഷണിയെ നേരിടാന്‍ പതിനായിരം പേരടങ്ങുന്ന ഒരു സംഘത്തെ സി.ആര്‍.പി.എഫ് രൂപീകരിച്ചത്. ‘ദി കോംബാറ്റ് ബറ്റാലിയന്‍ ഫോര്‍ റെസല്യൂട്ട് ആക്ഷന്‍ ടീം’ അഥവാ കോബ്രയെ മാവോയിസ്റ്റ് സാന്നിധ്യമുള്ള ഇടങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കി വിന്യസിച്ചിട്ടുണ്ട്. ബീഹാര്‍, ജാര്‍ഖണ്ഡ്, ഛത്തിസ്ഗര്‍ഹ്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിലവില്‍ കോബ്രയുടെ സേവനം നടപ്പിലാക്കുന്നുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ അര്‍ദ്ധ സൈനിക വിഭാഗമാണ് സി.ആര്‍.പി.എഫ്. 1986 ല്‍ സി.ആര്‍.പി.എഫിന് കീഴില്‍ ‘മഹിളാ ബറ്റാലിയന്‍’ നിലവില്‍ വന്നതോടെ, ക്രമസമാധാന പാലനം ഉള്‍പ്പെടെയുള്ള ഏതാനും മേഖലകളില്‍ സ്ത്രീ സാനിധ്യം നിലനിന്നിരുന്നു. മഹിളാ ബറ്റാലിയന് കീഴില്‍ ആറ് യൂണിറ്റുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

 

Top