റേഷന്‍ തുക മുടങ്ങി; കേന്ദ്ര സര്‍ക്കാരിനോട് 800 കോടി ആവശ്യപ്പെട്ട് സി.ആര്‍.പി.എഫ്

crpf

ന്യൂഡല്‍ഹി: അര്‍ധസൈനികര്‍ക്ക് റേഷന്‍ നല്‍കുന്നതിന് വേണ്ടി കരുതല്‍ ധനത്തില്‍ നിന്ന് 800 കോടി രൂപ ചെലവഴിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടി സി.ആര്‍.പി.എഫ്. കേന്ദ്രം ഫണ്ട് നല്‍കാന്‍ വൈകുന്നതിനാല്‍ ജവാന്മാര്‍ക്ക് റേഷന്‍ അലവന്‍സ് നല്‍കുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വാര്‍ത്ത ഏജന്‍സിയോട് വെളിപ്പെടുത്തി.

അതേസമയം ഈ മാസത്തെ റേഷന്‍ മണി നല്‍കുന്നില്ലെന്ന ആരോപണം ഉദ്യോഗസ്ഥര്‍ തള്ളി. സെപ്റ്റംബറിലെ റേഷന്‍ അലവന്‍സ് ഉടന്‍ നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഭക്ഷണത്തിനും മറ്റ് ചെലവുകള്‍ക്കുമായി ശമ്പളത്തിന് പുറമെ ഒരാള്‍ക്ക് 3600 രൂപയാണ് റേഷന്‍ അലവന്‍സായി നല്‍കുന്നത്.

ജൂലായില്‍ രണ്ട് ലക്ഷം സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് കുടിശ്ശികയടക്കം 22,194 രൂപ റേഷന്‍ അലവന്‍സായി നല്‍കിയിരുന്നു. ഈ കാരണം കൊണ്ട് തന്നെ ഈ മാസത്തെ റേഷന്‍ നല്‍കുന്നതിന് സാമ്പത്തിക പ്രയാസമുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഇതുകൊണ്ടാണ് കരുതല്‍ ധനത്തില്‍ നിന്ന് 800 കോടി രൂപ ചെലവഴിക്കാന്‍ സര്‍ക്കാരിനോട് അനുമതി തേടിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

Top