കണ്ണൂരില്‍ ആര്‍ എസ് എസ് കാര്യവാഹകിന് കേന്ദ്രസേനയുടെ സുരക്ഷ

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസിലെ പരാതിക്കാരനായ ആര്‍ എസ് എസ് കാര്യവാഹക് വി ശശിധരന് കേന്ദ്രസേനയുടെ സുരക്ഷ.

ആര്‍എസ്എസിന്റെ കണ്ണൂര്‍വിഭാഗ് കാര്യവാഹകും കതിരൂര്‍ മനോജ് വധക്കേസിലെ പരാതിക്കാരനുമായ ചുണ്ടങ്ങപ്പൊയിലിലെ വി ശശിധരനാണ് നിലവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരിട്ട് സായുധ കമാന്‍ഡോ സുരക്ഷ ഒരുക്കിയിരിക്കുന്നത്.

ഒരു ഹവീല്‍ദാരടങ്ങുന്ന അഞ്ചംഗ സിആര്‍പിഎഫ് കമാന്‍ഡോകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ശശിധരനൊപ്പമുണ്ടാകും.

സിപിഎം നേതാവ് പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികൂടിയായ ശശിധരന് വധഭീഷണിയുണ്ടന്ന് കഴിഞ്ഞ ഏപ്രിലില്‍ രഹസ്യാന്വേക്ഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതനുസരിച്ച് കേരള പൊലീസിനെ സുരക്ഷയ്‌ക്ക് നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു.

എന്നാല്‍, പിന്നീട്‌ പൊലീസ് സുരക്ഷയിലും കെ.ടി ജയകൃഷ്ണന്‍ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടി ശശിധരന് സുരക്ഷ നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മുതല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശശിധരന് നേരിട്ട് സുരക്ഷ ഭടന്മാരെ നിയോഗിച്ചത്.

കണ്ണൂരില്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ബിജെപി ആവശ്യം ഉന്നയിച്ച് തുടങ്ങിയിട്ട് കാലം ഏറെയായി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനെ എതിര്‍ക്കുകയാണുണ്ടായത്.

Top