കശ്മീരിലെ ഭീകരാക്രമണം; കൊല്ലപ്പെട്ട ജവാന്മാരുടെ എണ്ണം 40 ആയി

ജമ്മു: കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ എണ്ണം 40 ആയി. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. ഉഗ്രശേഷിയുള്ള ഐഇഡി ബോംബ് ഉപയോഗിച്ചായിരുന്നു ആക്രമണം. ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹനത്തിനു നേരെയായിരുന്നു ആക്രമണം നടന്നത്.

ശ്രീനഗര്‍ ജമ്മു ഹൈവേയിലെ അവന്തിപ്പൊരയിലാണ് ആക്രമണം നടന്നത്. വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ ഇതിലുണ്ടായിരുന്ന ഒരു സൈനികബസിന് നേരെ സ്‌ഫോടക വസ്തുകള്‍ നിറച്ച കാര്‍ ഭീകരര്‍ ഇടിച്ചു കയറ്റുകയായിരുന്നു. 2500 ഓളം സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്.ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് കോണ്‍വോയ് ആയി പോയ സൈനിക വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്.

പരിക്കേറ്റ സൈനികരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വെള്ളിയാഴ്ച ജമ്മു കാഷ്മീര്‍ സന്ദര്‍ശിക്കുമെന്നും അറിയിച്ചു. 2016-ലെ ഉറി ആക്രമണത്തിന് ശേഷം രാജ്യത്തുണ്ടാവുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു. പുല്‍വാമ സ്വദേശിയായ ആദില്‍ അഹമ്മദാണ് കാര്‍ ഓടിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജയ്‌ഷെ മുഹമ്മദിന്റെ ചാവേര്‍ ആക്രമണ സ്‌ക്വാഡിലെ അംഗമാണ് ആദില്‍.

Top