അംബാനിയുടെ സുരക്ഷ ഉദ്യോഗസ്ഥന്‍ സ്വന്തം തോക്കില്‍ നിന്ന് വെടിയേറ്റു മരിച്ചു

gun-shooting

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മുംബൈയിലെ വീടിന്റെ സുരക്ഷയ്ക്ക് നിയോഗിച്ച സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ സ്വന്തം റിവോള്‍വറില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റു മരിച്ചു.ഗുജറാത്ത് ജുനാഘട്ട് സ്വദേശി ദേവദാന്‍ ബകോത്ര (31) ആണ് മരിച്ചത്.

പെഡാര്‍ റോഡിലുള്ള അംബാനിയുടെ 27 നിലകളുള്ള ബംഗ്ലാവ് ആന്റിലിയക്ക് പുറത്തുള്ള സിആര്‍പിഎഫിന്റെ സുരക്ഷാ പോസ്റ്റില്‍ ബുധനാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. ദേവദാന്‍ കാലിടറിവീണപ്പോള്‍ അബദ്ധത്തില്‍ കൈയിലുണ്ടായിരുന്ന തോക്ക് പൊട്ടുകയായിരുന്നു. രണ്ട് വെടിയുണ്ടകള്‍ ദേവദാന്റെ നെഞ്ചില്‍ തുളച്ചുകയറി. വെടിയേറ്റ ദേവദാന്‍ ബകോത്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

”ഇത് ആകസ്മികമായ വെടിവെയ്പായിരുന്നു. ആത്മഹത്യയാണെന്ന് തോന്നുന്നില്ല,” ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രാജീവ് ജെയിന്‍ പറഞ്ഞു. സംഭവത്തില്‍ ഗാംദേവി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും മുംബൈ പോലീസ് അറിയിച്ചു.

Top