നിങ്ങള്‍ സൈനികരുടെ മൃതദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കരുത് രാജ്‌നാഥ് സിങിനോട് ജവാന്‍

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെ രൂക്ഷമായി വിമര്‍ശിച്ച് സിആര്‍പിഎഫ് ജവാന്റെ ഫേസ്ബുക്ക് വീഡിയോ പോസ്റ്റ്.

സുഖ്മയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 25 സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രോഷമറിയിച്ച് സിആര്‍പിഎഫിന്റെ 221 ബറ്റാലിയനിലെ പങ്കജ് മിശ്രയെന്ന സൈനികനാണ് രാജ്‌നാഥിനെതിരെ തുറന്നടിച്ചിരിക്കുന്നത്.

പങ്കജ് മിശ്രയുടെ വാക്കുകളിങ്ങനെ: ‘രാജ്‌നാഥ് സിങ് ജിയോട് എനിക്കൊരു കാര്യം പറയാനുണ്ട്. താങ്കള്‍ ഒരു നല്ല രാഷ്ട്രീയ നേതാവല്ല. താങ്കള്‍ മന്ത്രിയായിരിക്കെ സിആര്‍പിഎഫ് ജവാന്‍മാര്‍ രക്തസാക്ഷികളാകുകയാണ്. അമിത് ഷാ ഉള്‍പ്പെടെയുള്ള വിഐപി നേതാക്കള്‍ക്ക് സുരക്ഷ നല്‍കുന്നത് സിആര്‍പിഎഫ് ജവാന്‍മാരാണ്. ബിജെപിക്കോ താങ്കള്‍ക്കോ അല്ല മറിച്ച് മോദിജിക്കാണ് ഞങ്ങള്‍ വോട്ട് ചെയ്തത്. മോദിജിയെ തെറ്റിദ്ധരിപ്പിക്കുകയാണ് നിങ്ങള്‍.

ജവാന്‍മാരെ പാകിസ്താന്‍ വധിക്കുമ്പോള്‍ എവിടെയായിരുന്നു നിങ്ങളുടെ പ്രതിരോധം? പത്താന്‍കോട്ട് ആക്രമണ സമയത്തും എവിടെയായിരുന്നു? സുഖ്മയില്‍ പോയി സിആര്‍പിഎഫ് ജവാന്‍മാരോട് സംസാരിക്കൂ. അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്താണെന്ന് അപ്പോള്‍ അറിയാം.

രാജ്‌നാഥ് സിങ് ജി നിങ്ങള്‍ക്ക് അഭിമാനമുണ്ടെങ്കില്‍ സൈനികരുടെ മൃതദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കരുത്. വധിക്കപ്പെട്ട ജവാന്മാരുടെ വീടുകളില്‍ ചെന്ന് കുടുംബത്തെ ആശ്വസിപ്പിക്കൂ. എന്റെ സഹപ്രവര്‍ത്തകരേ അനീതിക്കെതിരെ ശബ്ദമുയര്‍ത്തൂ. ഒന്നും പേടിക്കാനില്ല. മരണത്തെ പേടിക്കുന്നവര്‍ ഓര്‍ക്കുക ഒരു ദിവസം നമ്മളെല്ലാവരും മരിക്കും’ എന്നുപറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

2013ലാണ് പങ്കജ് മിശ്ര സിആര്‍പിഎഫില്‍ ചേര്‍ന്നത്. മിശ്രയുടെ വീഡിയോ സിആര്‍പിഎഫിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ജവാന്റെ പരസ്യ വിമര്‍ശനങ്ങള്‍ അച്ചടക്ക ലംഘനമാണെന്നും വിശദീകരണം തേടുമെന്നും സിആര്‍പിഎഫ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Top