ജാര്‍ഖണ്ഡില്‍ സി.ആര്‍.പി.എഫ് ജവാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് മേലുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ സി.ആര്‍.പി.എഫ് ജവാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് മേലുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട സി.ആര്‍.പി.എഫ് ജവാനാണ് വെടിയുതിര്‍ത്തത്. തിങ്കളാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം.

സി.ആര്‍.പി.എഫിലെ 226 ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് തന്റെ അസ്സിസ്റ്റന്റ് കമാന്‍ഡറെയും അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറെയും വെടിവെച്ചുകൊന്നത്. സംഭവം നടക്കുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി. വെടിവെപ്പില്‍ ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും സി.ആര്‍.പി.എഫ് വ്യത്തങ്ങള്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തങ്ങളുടെ സഹപ്രവര്‍ത്തകനെ വെടിവെച്ച് കൊല്ലുന്ന രണ്ടാമത്തെ സംഭവമാണിത്.

Top