റഷ്യയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കുരുക്കി ഫിഫ ലോകകപ്പ് സെമി ടിക്കറ്റ് നേടി ക്രൊയേഷ്യന്‍ പട

സോച്ചി: ഒപ്പത്തിനൊപ്പം നിന്ന റഷ്യയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കുരുക്കി ക്രൊയേഷ്യ ഫിഫ ലോകകപ്പ് സെമി ടിക്കറ്റ് നേടി. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമും 2-2ന്റെ സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

റാക്കിറ്റിച്ച്, വിദ, മോഡ്രിച്ച്, ബോറോസോവിച്ച് എന്നിവര്‍ ക്രൊയേഷ്യയ്ക്കായി ഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടു. കൊവാസിച്ചിന്റെ കിക്ക് അക്കിന്‍ഫീവ് സേവ് ചെയ്തു.

അതേസമയം, ഫൈഡോര്‍ സ്മോളോവ് (സുബാസിച്ച് സേവ് ചെയ്തു), മാരിയോ ഫെര്‍ണാണ്ടസ് എന്നിവര്‍ കിക്ക് പാഴാക്കിയതാണ് റഷ്യയ്ക്ക് വിനയായത്. സഗോവ്, ഇഗ്‌നാഷെവിച്ച്, സഗോയേവ് എന്നിവര്‍ ലക്ഷ്യം കണ്ടു. സെമിയില്‍ ക്രൊയേഷ്യ ഇംഗ്ലണ്ടിനെ നേരിടും.

31-ാം മിനിറ്റില്‍ ചെറിഷേവിന്റെ വിസ്മയ ഗോളിലൂടെ റഷ്യ ലീഡ് നേടി. പന്തുമായി ക്രൊയേഷ്യന്‍ ബോക്‌സ് ലക്ഷ്യമാക്കി ഓടിവന്ന ചെറിഷേവ് സ്യൂബയ്ക്ക് പാസ് നല്‍കി. സ്യൂബ അത് ചെറിഷേവിന് തന്നെ മറിച്ചു. പന്തുമായി അല്‍പം മുന്നോട്ട് നീങ്ങിയ ചെറിഷേവ് 25 വാര അകലെ നിന്ന് തൊടുത്ത ലോംഗ് റേഞ്ച് ക്രൊയേഷ്യന്‍ ഗോളി സുബാസിച്ചിനെ കാഴ്ചക്കാരനാക്കി വലയ്ക്കുള്ളില്‍ കയറുകയായിരുന്നു.

39-ാം മിനിറ്റില്‍ ക്രാമറിക്കിലൂടെ ക്രൊയേഷ്യ സമനില പിടിച്ചു. മന്‍സൂക്കിച്ച് നല്‍കിയ പന്ത് തകര്‍പ്പനൊരു ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ ക്രാമറിക്ക് ഗോളാക്കി മാറ്റുകയായിരുന്നു. തുടര്‍ന്ന് രണ്ടാം പകുതിയില്‍ ഇരു ടീമും ഗോളടിക്കാതെ വന്നതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. എക്സ്ട്രാ ടൈമില്‍ 100-ാം മിനിറ്റില്‍ പ്രതിരോധ താരം വിദ മനോഹരമായ ഹെഡ്ഡറിലൂടെ ക്രൊയേഷ്യയ്ക്ക് ലീഡ് നേടിക്കൊടുത്തു. സ്‌കോര്‍ 2-1. എന്നാല്‍ 115-ാം മിനിറ്റില്‍ മാരിയോ ഫെര്‍ണാണ്ടസ് കിടിലന്‍ ഗോളിലൂടെ റഷ്യയ്ക്ക് സമനില നേടി കൊടുക്കുകയായിരുന്നു.

Top