ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാനുള്ള നിയമ നിര്‍മാണം; രാജ്‌നാഥ് സിംഗ് അദ്ധ്യക്ഷനായ സമിതി

ന്യൂഡല്‍ഹി: രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാനുള്ള നിയമ നിര്‍മാണത്തിന് കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അദ്ധ്യക്ഷനായ സമിതിയെ നിയോഗിച്ചതായി കേന്ദ്രസര്‍ക്കാര്‍. നാലാഴ്ചയ്ക്കകം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിലുള്ള നാലംഗ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കും റിപ്പോര്‍ട്ട് തയ്യാറാക്കുക.

പശുക്കടത്ത് ആരോപിച്ചും സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യാജപ്രചാരണങ്ങള്‍ കാരണവും രാജ്യത്ത് നിരവധി പേര്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായതോടെയാണ് ഇക്കാര്യത്തില്‍ ശക്തമായ നിയമം വേണമെന്ന ആവശ്യമുയര്‍ന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ആല്‍വാറില്‍ കാലിക്കടത്ത് ആരോപിച്ച് ഒരാളെ തല്ലിക്കൊന്ന സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് നടത്തിയത്.

ആള്‍ക്കൂട്ട കൊലപാതകം പ്രത്യേക കുറ്റകൃത്യമാക്കി ശിക്ഷ നല്‍കാന്‍ കര്‍ശന നിയമം കൊണ്ടുവരുന്നത് പാര്‍ലമെന്റ് പരിഗണിക്കണമെന്ന് സുപ്രീംകോടതിയും നിര്‍ദ്ദേശിച്ചിരുന്നു. ഗോസംരക്ഷണത്തിന്റെ പേരിലും മറ്റും ദളിതര്‍ക്കും മുസ്ലിങ്ങള്‍ക്കുമെതിരെയുള്ള ആള്‍ക്കൂട്ട അക്രമങ്ങള്‍ തടയാന്‍ സുപ്രീംകോടതി മുന്‍പ് നിര്‍ദ്ദേശിച്ച നടപടികള്‍ സംസ്ഥാനങ്ങളെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി തുഷാര്‍ഗാന്ധി, കോണ്‍ഗ്രസ് നേതാവ് തെഹസീന്‍ പൂനാവാല തുടങ്ങിയവര്‍ നല്‍കിയ ഒരുകൂട്ടം ഹര്‍ജികളിലായിരുന്നു സുപ്രീംകോടതിയുടെ പ്രതികരണം.

Top