ആള്‍ക്കൂട്ടം കണ്ട് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി

ആള്‍ക്കൂട്ടം കണ്ട് കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കാന്‍ പോകുന്നില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍. അതേസമയം കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.പുതിയ നിമങ്ങളില്‍ കര്‍ഷക വിരുദ്ധമായത് ഏതൊക്കെയെന്ന് സമരം ചെയ്യുന്ന കര്‍ഷകര്‍ കേന്ദ്രസര്‍ക്കാരിന് ചൂണ്ടിക്കാണിച്ച് തരണമെന്നും തോമര്‍ ആവശ്യപ്പെട്ടു.

‘സര്‍ക്കാര്‍ കര്‍ഷ സംഘടനകളുമായി 12 തവണ ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്താണ് പുതിയ നിയമങ്ങളില്‍ കര്‍ഷക ദ്രോഹമെന്ന് സംഘടനകള്‍ പറയണം. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് നിങ്ങള്‍ തറപ്പിച്ച് പറയുന്നുണ്ട്. പ്രതിഷേധത്തിലെ ആളുകളുടെ ഏണ്ണം കൂടുന്നത് നിയമം പിന്‍വലിക്കാനുള്ള കാരണമാകില്ല’ മന്ത്രി പറഞ്ഞു.കര്‍ഷക സംഘടനകള്‍ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷക മഹാപഞ്ചായത്തുകള്‍ സംഘടിപ്പിച്ചുവരുന്നതിനിടയിലാണ് മന്ത്രിയുടെ ഇത്തരത്തിലുള്ള പ്രതികരണം.

കര്‍ഷക വിരുദ്ധമായ വ്യവസ്ഥകള്‍ എന്താണെന്ന് യൂണിയനുകള്‍ പറഞ്ഞാല്‍ സര്‍ക്കാര്‍ അത് മനസ്സിലാക്കാനും ഭേദഗതികള്‍ വരുത്താനും തയ്യാറാണ്. പ്രധാനമന്ത്രി തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top