പക്ഷിപ്പനിയെന്ന സംശയം; ചത്ത പക്ഷികളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക്

മലപ്പുറം: പക്ഷിപ്പനിയെന്ന് സംശയിച്ച് ചത്ത നിലയില്‍ കണ്ടെത്തിയ മൂന്ന് കാക്കകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കാന്‍ തീരുമാനം. മലപ്പുറം പെരുവള്ളൂരിലാണ് കാക്കകള്‍ വഴിയരികില്‍ ചത്ത നിലയില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചത്. തുടര്‍ന്നാണ് ഇവ വിശദപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍ ഡോ. എ സജീവ് കുമാര്‍ വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായി ആദ്യസാമ്പിള്‍ പാലക്കാട്ടേക്ക് അയച്ചു. ഇതില്‍ ആദ്യഘട്ടം പോസിറ്റീവാണെന്ന് കണ്ടാല്‍ ഭോപ്പാലിലേക്ക് സാമ്പിളയക്കുമെന്നും മൃഗസംരക്ഷണവകുപ്പ് വ്യക്തമാക്കി.

കോഴിക്കോട് രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലപ്പുറത്തും ജാഗ്രതയോടെ സ്ഥിതിഗതികള്‍ നിരീക്ഷിക്കും. എന്നാല്‍ ആശങ്ക വേണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. എല്ലാ ഒരുക്കങ്ങളും മുന്‍കരുതലുകളും എടുത്തു. കൂടുതല്‍ ഉദ്യോഗസ്ഥരെ നിരീക്ഷണത്തിനായി വിന്യസിച്ചിട്ടുണ്ട്. കളക്ടറുടെയും ഡിഎംഒയുടെയും സാന്നിദ്ധ്യത്തില്‍ സാഹചര്യം വിലയിരുത്താന്‍ യോഗം ചേര്‍ന്നിട്ടുണ്ടെന്നും എല്ലാ ജാഗ്രതാനടപടികളും സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടവും അറിയിച്ചു.കോഴിക്കോട് ജില്ലയില്‍ രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തിയതായി വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജു അറിയിച്ചു.

അതിനിടെ പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിഫാം സ്ഥിതി ചെയ്യുന്ന കൊടിയത്തൂര്‍ പഞ്ചായത്തില്‍ കോഴിയടക്കം എല്ലാതരം പക്ഷികളുടേയും വില്‍പനയും ഇറച്ചി വ്യാപാരവും നിരോധിച്ച് പഞ്ചായത്ത് അധികൃതര്‍ ഉത്തരവിറക്കി. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പഞ്ചായത്തിലെ എല്ലാ ചിക്കന്‍ സ്റ്റാളുകളും ഫാമുകളും അടിയന്തരമായി പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ ഉത്തരവിലൂടെ ആവശ്യപ്പെട്ടു. ഇതോടൊപ്പം അലങ്കാരപ്പക്ഷികളുടെ വില്‍പനയും നിരോധിച്ചിട്ടുണ്ട്. ഇനിയൊരു ഉത്തരവ് ഉണ്ടാവും വരെ പഞ്ചായത്തിലെ ഹോട്ടലുകളില്‍ പക്ഷിവിഭവങ്ങളൊന്നും (കോഴി,കാട,താറാവ്) വില്‍ക്കുന്നതും ഉത്തരവിലൂടെ വിലക്കിയിട്ടുണ്ട്.

Top