ആദ്യ കാല സിനിമ സംവിധായകന്‍ ക്രോസ് ബെല്‍റ്റ് മണി അന്തരിച്ചു

തിരുവനന്തപുരം: ആദ്യകാല സിനിമ സംവിധായകന്‍ ക്രോസ് ബെല്‍റ്റ് മണി (കെ. വേലായുധന്‍ നായര്‍ ) അന്തരിച്ചു. 86 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ക്രോസ് ബെല്‍റ്റ്, മിടുമിടുക്കി തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍ ഒരുക്കിയ അദ്ദേഹം 40 ലേറെ സിനിമകള്‍ക്ക് സംവിധാനായി. നാരദന്‍ കേരളത്തില്‍, കമാന്‍ഡര്‍ തുടങ്ങി പത്തോളം സിനിമകളുടെ ഛായാഗ്രാഹകനുമായിരുന്നു.

ക്രോസ്‌ബെല്‍റ്റ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം പ്രശസ്തിയിലേക്ക് എത്തുന്നത്. പിന്നീട് അറിയപ്പെട്ടതും ആ പേരിനൊപ്പമാണ്. ഫോട്ടോഗ്രാഫിയിലുള്ള താല്‍പര്യമായിരുന്നു വേലായുധന്‍ നായര്‍ക്ക് മുന്നില്‍ സിനിമയെന്ന വഴി തുറന്നത്. 1956 മുതല്‍ 1961 വരെ പി.സുബ്രഹ്മണ്യത്തിന്റെ മെറിലാന്റ് സ്റ്റുഡിയോയില്‍ പ്രവര്‍ത്തിച്ചു.

പിന്നീട് 1961ല്‍ കെ.എസ് ആന്റണി സംവിധാനം ചെയ്ത കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ക്യാമറാമാനായി. 1967ല്‍ പുറത്തിറങ്ങിയ ‘മിടുമിടുക്കി’യാണ് ക്രോസ്‌ബെല്‍റ്റ് മണി സ്വതന്ത്ര സംവിധായകനായ ആദ്യ ചിത്രം. സംവിധായകന്‍ ജോഷി ക്രോസ് ബെല്‍ട്ട് മണിയുടെ സഹസംവിധായകനായിരുന്നു.

Top