മോദിയുടെ മധ്യപ്രദേശ് സന്ദർശനം; ആളെക്കൂട്ടാൻ മാത്രം 13 കോടി, ആകെ 23 കോടി!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാല് മണിക്കൂർ സന്ദർശനത്തിനായി മധ്യപ്രദേശ് സർക്കാർ ചെലവഴിക്കുന്നത് 23 കോടി രൂപ. ഇതിൽ 13 കോടി രൂപ ചെലവഴിക്കുന്നത് പ്രധാനമന്ത്രി എത്തുന്ന ജംബോരീ മൈതാനിയിലേക്ക് ആളുകളെ എത്തിക്കാനാണ്. ഈ മാസം 15ന് മധ്യപ്രദേശിൽ ബിർസ മുണ്ട ഭഗവാന്റെ ജൻജതിയ ഗൗരവ് ദിവസ് ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായെത്തുന്ന മോദി, രാജ്യത്ത് ആദ്യമായി പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷനും ഉദ്ഘാടനം ചെയ്യും.

15 മുതൽ 22 വരെ നടത്തുന്ന ജൻജതിയ ഗൗരവ് ദിവസ് പരിപാടികളിൽ കേന്ദ്രസർക്കാരും പങ്കാളിയാണ്. ബിർസ മുണ്ടയെയും സ്വാതന്ത്ര്യ സമര സേനാനികളായ മറ്റ് ആദിവാസികളെയും അനുസ്മരിക്കുന്നതിനാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടു ലക്ഷത്തോളം ആദിവാസികളെ മൈതാനിയിലെത്തിക്കാനാണ് സർക്കാർ നീക്കം. ആദിവാസി കലാരൂപങ്ങൾകൊണ്ട് മൈതാനം അലങ്കരിച്ചു. പന്തൽ നിർമാണത്തിനായി ഒരാഴ്ചയായി 300 പേരാണ് ജോലി ചെയ്യുന്നത്. മൈതാനത്ത് അഞ്ച് താഴികക്കുടങ്ങൾ നിർമിക്കുന്നതിനും അലങ്കരിക്കുന്നതിനുമായാണ് 9 കോടി രൂപ ചെലവഴിക്കുന്നത്.

സംസ്ഥാനത്ത് 47 നിയമസഭാ സീറ്റുകൾ ആദിവാസികൾക്കായി സംവരണം ചെയ്തിരിക്കുന്നവയാണ്. 2013ൽ 31 സീറ്റ് ലഭിച്ച ബിജെപിക്ക് 2018ൽ 16 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. 450 കോടി രൂപ മുടക്കിയാണ് ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷൻ നവീകരിച്ചത്. അതേസമയം, ഹബീബ്ഗഞ്ച് എന്ന പേര് മാറ്റി അടൽ ബിഹാരി വാജ്‌പേയിയുടെ പേര് റെയിൽവേ സ്റ്റേഷന് നൽകണമെന്ന് നിരവധി ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.

Top