മഴക്കെടുതി; സംസ്ഥാനത്ത് 200 കോടി രൂപയുടെ കാര്‍ഷിക നഷ്ടം; കൃഷിമന്ത്രി പി.പ്രസാദ്

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത കാലവര്‍ഷക്കെടുതിയില്‍ ഉണ്ടായത് 200 കോടി രൂപയുടെ കൃഷിനാശമാണെന്ന് കൃഷിമന്ത്രി പി.പ്രസാദ്. ഇതില്‍ കുട്ടനാട്ടില്‍ മാത്രം 18 കോടിയുടെ നഷ്ടമുണ്ടായി. കൃഷിനാശത്തിന്റെ പരിഹാരമായി പ്രത്യേക കാര്‍ഷിക പാക്കേജ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.

ഇപ്പോള്‍ ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ കൃഷിസ്ഥലങ്ങളുണ്ട്. ഇവിടങ്ങളില്‍ കൃത്യമായ കണക്കെടുപ്പ് സാദ്ധ്യമായിട്ടില്ല. മഴ ശമിച്ച ശേഷം നഷ്ടമുണ്ടായ തോത് കണക്കാക്കാനും അറിയിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുളളതായും മന്ത്രി അറിയിച്ചു.

അതേസമയം, പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് അപകടാവസ്ഥയിലായ വീടുകളുടെ കണക്കെടുത്ത് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ദുരന്തബാധിതരായ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കും. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ പുനരധിവാസ നടപടികള്‍ ആരംഭിക്കുമെന്ന് കൊക്കയാര്‍, പെരുവന്താനം മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചശേഷം അദ്ദേഹം അറിയിച്ചു.

Top