കൊലയാളി വൈറസിന് കേരളത്തിൽ ചുവപ്പ് പരവതാനി ! അപകടകര നീക്കം

സ്വപ്നക്കും സ്വര്‍ണക്കടത്തിനും പിന്നാലെയാണിപ്പോള്‍ കേരളം. ഓരോ ദിവസവും പുറത്ത് വരുന്ന വാര്‍ത്തകളും ഞെട്ടിക്കുന്നതാണ്. തീര്‍ച്ചയായും നാം ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്. എന്നാല്‍ ഇതിനായി കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് സമരം ചെയ്യുന്നത്, ഒരിക്കലും അംഗീകരിക്കാന്‍ കഴിയുകയില്ല. ഇത്തരക്കാര്‍ മറ്റുള്ളവരുടെ ജീവന്‍ കൊണ്ടാണ് പന്താടുന്നത്.

കേരളത്തിന്റെ പ്രതിരോധക്കോട്ടയില്‍ വിള്ളലുണ്ടാക്കാന്‍, ഇതിനകം തന്നെ കൊലയാളി വൈറസിന് കഴിഞ്ഞിട്ടുണ്ട്. ഒറ്റയടിക്കാണ് കേരളത്തില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നത്. സമൂഹ വ്യാപനം നടന്നതായ ഔദ്യാഗിക പ്രഖ്യാപനം എപ്പോള്‍ എന്നു മാത്രമാണ് ഇനി അറിയാനുള്ളത്. നല്ല ആരോഗ്യമുള്ള ചെറുപ്പക്കാര്‍ വരെ, കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. രോഗ വ്യാപന സാധ്യതയുടെ, നിലവിലെ വിലയിരുത്തലുകള്‍ക്ക് എതിരാണ് ഈ മരണങ്ങള്‍.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തെരുവില്‍ പ്രക്ഷോഭത്തിന് ഇറങ്ങുന്നവര്‍, ഈ യാഥാര്‍ത്ഥ്യം കാണാതെ പോകരുത്. മാസ്‌ക്ക് പ്രഹസനമാക്കിയും സാമൂഹിക അകലം പാലിക്കാതെയുമുള്ള ഈ പ്രക്ഷോഭം, വലിയ വിപത്താണ് വരുത്തി വയ്ക്കുന്നത്. സമര മുഖത്ത് നിലയുറപ്പിച്ച പൊലീസുകാരുടെ ജീവനും വലിയ ഭീഷണിയാണ് നിലവിലുള്ളത്. പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന പ്രക്ഷോഭം എത്രമാത്രം സമൂഹ വ്യാപനത്തിനിടയാക്കി എന്നത്, ഇനി അറിയാനിരിക്കുന്നതേയുള്ളു.

പ്രക്ഷോഭകര്‍ മാത്രമല്ല, അവരുമായി ഇടപഴുകിയവരെല്ലാം പേടിക്കുക തന്നെ വേണം. കൊലയാളി വൈറസുകള്‍ക്ക് ചുവപ്പ് പരവതാനി സൃഷ്ടിച്ചിരിക്കുന്നതിപ്പോള്‍, രാഷ്ട്രീയ വൈറസുകളാണ്. ആശുപത്രികളെല്ലാം നിറഞ്ഞ് കവിഞ്ഞാല്‍ നാട്ടിലുണ്ടാകുന്ന അരക്ഷിതാവസ്ഥ, അതിഭീകരമായിരിക്കും.

ഇറ്റലിയില്‍ കൂട്ടിയിട്ട് കത്തിക്കുന്ന മൃതദേഹങ്ങളുടെ ദൃശ്യങ്ങള്‍, ഇപ്പോഴും നമ്മുടെ മുന്നിലുണ്ട്. ചീറി പായുന്ന ആംബുലന്‍സുകളുടെ ശബ്ദം, ഇറ്റലിയുടെ മാത്രമല്ല, ഈ നാടിന്റെയും ഉറക്കമാണ് കെടുത്താന്‍ പോകുന്നത്. ഇത് ഒഴിവാക്കാനാണ് ഉറക്കമിളച്ച് ആരോഗ്യ പ്രവര്‍ത്തകരും പൊലീസും ശ്രമിക്കുന്നത്. അതിനാണിപ്പോള്‍ രാഷ്ട്രീയ തിമിരം ബാധിച്ചവര്‍, തുരങ്കം വെച്ചുകൊണ്ടിരിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് പ്രതികരിക്കേണ്ടത് ഇനി ജനങ്ങളാണ്.

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്നത് കേന്ദ്ര ഏജന്‍സികളാണ്. ഒരു വിട്ടു വീഴ്ചയും സംസ്ഥാന സര്‍ക്കാറിനോട് അവര്‍ കാണിക്കില്ല. പിന്നെ എന്തിനാണ് ഈ പ്രക്ഷോഭം ? രാജി വയ്ക്കാന്‍, മുഖ്യമന്ത്രി പറഞ്ഞിട്ട് നടത്തിയ സ്വര്‍ണക്കടത്തൊന്നുമല്ല ഇത്. കേന്ദ്ര ഏജന്‍സികള്‍ക്ക് പോലും അത്തരമൊരു നിലപാടുമില്ല. പിന്നെ ആര്‍ക്കാണിവിടെ പ്രശ്നം ? ഇവിടെയാണ് ഹിഡന്‍ അജണ്ട നാം തിരിച്ചറിയേണ്ടത്.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സ്വപ്നയുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയതോടെ, അദ്ദേഹത്തെ പുറത്താക്കി കഴിഞ്ഞു. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലായിരുന്നുവെങ്കില്‍ രാജി ആവശ്യം ന്യായീകരിക്കപ്പെടുമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നടപടി ദ്രുതഗതിയിലാണ് നടന്നിരിക്കുന്നത്. ശിവശങ്കര്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് ഇനി തെളിയിക്കേണ്ടത്, കേസ് അന്വേഷിക്കുന്ന എന്‍.ഐ.എയുടെ ബാധ്യതയാണ്. അവര്‍ അത് പറയും വരെയെങ്കിലും, കാത്തിരിക്കാനുള്ള വിവേകം, പ്രതിപക്ഷവും കാണിക്കണം.

മുഖ്യമന്ത്രിക്ക് ബന്ധമില്ലാത്ത കേസില്‍ രാജി ആവശ്യപ്പെടുന്നത് യുക്തിക്ക് നിരക്കുന്നതല്ല. സരിത കേസുമായി ഒരിക്കലും ഇതിനെ താരതമ്യം ചെയ്യാന്‍ കഴിയുകയുമില്ല. അങ്ങനെ ചെയ്യുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത്. സ്വര്‍ണക്കടത്ത് നടന്നത് തന്നെ, കേന്ദ്ര ഏജന്‍സികളുടെ വീഴ്ച വ്യക്തമാക്കുന്നതാണ്.

വിമാനത്താവളത്തില്‍ കൂടി പലതവണ സ്വപ്നയും സംഘവും സ്വര്‍ണ്ണം കടത്തിയെങ്കില്‍, കസ്റ്റംസ് എന്ത് ചെയ്യുകയായിരുന്നു ? റോയും ഐ.ബിയുമെല്ലാം എവിടെയായിരുന്നു? ചെറു ചലനങ്ങള്‍ പോലും ഒപ്പിയെടുക്കുന്ന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ പിഴവ്, ഒരിക്കലും നാം കാണാതെ പോകരുത്. ഡിപ്ളോമാറ്റിക് ബാഗാണെങ്കില്‍ പോലും, ഒരു നിരീക്ഷണം ഇക്കാര്യത്തിലും തീര്‍ച്ചയായും ഉണ്ടാകേണ്ടതാണ്. ഇത് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ സംഭവം. വിമാനത്താവളങ്ങളിലെ ഗ്രീന്‍ ചാനല്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനും ശക്തമായ ജാഗ്രത അനിവാര്യമാണ്.

ഇക്കാര്യത്തില്‍ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാറിനാണ്. നിലവിലെ കസ്റ്റംസ് നിയമവും പൊളിച്ചെഴുതേണ്ടതുണ്ട്. ഫൈന്‍ അടച്ചാല്‍ പിടിച്ച സ്വര്‍ണ്ണം വിട്ടുകൊടുക്കുന്ന രീതി തന്നെ മാറ്റണം. കടുത്ത ശിക്ഷ ഉറപ്പ് വരുത്തിയാല്‍ മാത്രമേ സ്വര്‍ണക്കടത്തിന് ക്ഷമനമുണ്ടാവുകയുള്ളൂ. ഇതിനായാണ് കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടത്. അതിനായാണ് ബി.ജെ.പിയും സമ്മര്‍ദ്ദം ചെലുത്തേണ്ടത്.

അതല്ലാതെ, കേരള സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ട് ഒരു കാര്യവുമില്ല. ഇവിടെ സംഭവിച്ചിരിക്കുന്നത് ഉദ്യോഗസ്ഥ തലത്തിലെ ഗുരുതര വീഴ്ചയാണ്. ക്രൈംബ്രാഞ്ചിനും ഇന്റലിജന്‍സിനുമാണ് വീഴ്ച പറ്റിയിരിക്കുന്നത്. ഇത് അന്വേഷിക്കാനും സംസ്ഥാനസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

യു.എ.ഇ കോണ്‍സുലേറ്റില്‍ നിയമവിരുദ്ധമായാണ് സ്വപ്ന ജോലി ചെയ്തതെങ്കില്‍, അത് ആദ്യം കണ്ട് പിടിക്കേണ്ടിയിരുന്നത് ഐ.ബിയും റോയുമായിരുന്നു. ഈ വിവരം അവര്‍ക്കും സംസ്ഥാന സര്‍ക്കാറിനെ അറിയിക്കാമായിരുന്നു. എന്നാല്‍ അതൊന്നും ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ മാത്രമേ, സംസ്ഥാന സര്‍ക്കാറിന് നിലവില്‍ കഴിയുകയുള്ളൂ. അത് ചെയ്തിരിക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി കഴിഞ്ഞു. പിന്നെ എന്തിനാണ് ഈ കോവിഡ് ക്കാലത്ത് പ്രക്ഷോഭങ്ങള്‍ നടത്തുന്നത്? കൊലയാളി വൈറസുകളേക്കാള്‍ അപകടകാരമായ നീക്കമാണിത്. ഈ ഭീക്ഷണി ജനങ്ങള്‍ തിരിച്ചറിയണം.

Express view

Top