നരഭോജികളായ മുതലകള്‍ ഫാമില്‍ നിന്നും രക്ഷപ്പെട്ടത് ഭീതി പടര്‍ത്തുന്നു

കേപ് ടൗണ്‍;ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലെ ഒരു ഫാമില്‍ വളര്‍ത്തിയിരുന്ന ഒരു കൂട്ടം മുതലകള്‍ പുറത്തുചാടിയതായി റിപ്പോര്‍ട്ട് . മനുഷ്യനെ ഭക്ഷിക്കുന്ന അപകടകാരികളായ മുതലകളാണ് രക്ഷപ്പെട്ടത്. ഇവയുടെ എണ്ണം ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല. പ്രദേശവാസികളുടെ ജീവനു തന്നെ ഭീഷണിയായതിനാല്‍ മുതലകള്‍ക്കായുള്ള തെരച്ചില്‍ അധികൃതര്‍ ശക്തമാക്കിയിരിക്കുകയാണ്. നൈല്‍ ഇനത്തില്‍പ്പെട്ട മുതലകളാണ് രക്ഷപ്പെട്ടത്. ഫാമില്‍ നിന്നും അധികം അകലെയല്ലാത്ത ബ്രീഡെ നദിയിലേക്ക് ഇവ എത്തിയിട്ടുണ്ടാവാം എന്നാണ് നിഗമനം.

രക്ഷപെട്ടവയില്‍ 27 മുതലകളെഇതുവരെ ജീവനോടെ പിടികൂടി. ആറ് മുതലകള്‍ ആക്രമണകാരികളായതിനാല്‍ അവയെ കൊല ചെയ്യുകയും ചെയ്തു. പിടികൂടാനാവാത്തവയെ തിരികെ പുഴയിലേക്ക് പോകാന്‍ അനുവദിച്ചാല്‍ കൂടുതല്‍ അപകടമുണ്ടാകും എന്നതിനാലാണ്കൊല്ലാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ പറയുന്നു. ഇതിനു പുറമെ ഏതാനും മുതലകളെ കണ്ടെത്താനായെങ്കിലും പിടിയിലാകുന്നതിനുമുമ്പ് അവ രക്ഷപ്പെട്ടതായി കേപ്ടൗണിലെ പ്രകൃതിസംരക്ഷണ പ്രവര്‍ത്തകയായ പെട്രോവാന്‍ അറിയിക്കുന്നു.

5000ല്‍പരം മുതലകളെയാണ് ഫാമില്‍ പാര്‍പ്പിച്ചിരുന്നത്. ഇവയില്‍ നിന്നും രക്ഷപ്പെട്ടവയുടെ എണ്ണം കൃത്യമായി കണക്കാക്കാനാവാത്തതിനാല്‍ തെരച്ചിലിനായിനിയോഗിക്കപ്പെട്ട സംഘങ്ങള്‍ ആശങ്കയിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നദിയുടെ സമീപത്തായി മുതലകളെ പിടികൂടാന്‍ കെണികള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഈ മാര്‍ഗം ഫലവത്താണെന്ന് ഉറപ്പിക്കാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

രാത്രികാലങ്ങളിലാണ് ഇവ കൂടുതലായി ഇരതേടുന്നത്. അതിനാല്‍ ഇവയെ കണ്ടെത്തുകയെന്നത് ദുഷ്‌കരമാണ്. നദിയുടെ സമീപത്തേക്ക് ജനങ്ങള്‍ എത്തിയാല്‍ മുതലകളുടെ ആക്രമണം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രതയിലാണ് പ്രദേശം. ഒന്നര മീറ്റര്‍ വരെ വലുപ്പത്തില്‍ വളരുന്നവയാണ് കാണാതായ മുതലകള്‍. എവിടെയെങ്കിലും വച്ച് മുതലകളെ കണ്ടാല്‍ അവയെ സമീപിക്കാന്‍ ശ്രമിക്കരുതെന്നും ഉടന്‍തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്നുമാണ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

 

 

Top