യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ സാധിക്കാത്തതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: യുക്രൈനില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികളെയെല്ലാം ഇനിയും തിരികെയെത്തിക്കാന്‍ സാധിക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. കേന്ദ്രവും സംസ്ഥാനവും നടപടി തുടങ്ങിയത് വൈകിയാണെന്നും ഇതാണ് തിരിച്ചെത്തിക്കല്‍ നടപടി കൃത്യമായി നടപ്പാക്കാനാകാത്തതെന്ന് സതീശന്‍ അഭിപ്രായപ്പെട്ടു.

വിദ്യാര്‍ഥികളില്‍ പലരും ഇപ്പോഴും ബങ്കറുകളിലാണ് കഴിയുന്നത്. അവരുടെ അവസ്ഥ ദയനീയമാണ്. അടിയന്തര നടപടിയിലൂടെ ഇവരെയെല്ലാം നാട്ടിലെത്തിക്കാന്‍ കേന്ദ്രം ഇടപെടണം. കേന്ദ്ര സര്‍ക്കാര്‍ യൂറോപ്യന്‍ രാജ്യങ്ങളുമായി കൃത്യമായ ആശയ വിനിമയം നടത്തിയിട്ടില്ല. അങ്ങനെ നടത്തിയിരുന്നെങ്കില്‍ പ്രശ്‌നപരിഹാരം കൃത്യമായി നടക്കുമായിരുന്നു.

വിദേശത്തുള്ള കുട്ടികളുടെ കൃത്യമായ കണക്ക് പോലും കേന്ദ്രത്തിന്റെ കയ്യിലില്ലെന്നും അതിര്‍ത്തിയിലെത്തിയ കുട്ടികളെ പോലും രക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി. കുവൈറ്റ് യുദ്ധകാലത്ത് ഒഴിപ്പിക്കല്‍ നടപടി ഭംഗിയായി നടത്തിയ രാജ്യമാണിതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

Top