കോണ്‍ഗ്രസിനെ വിമര്‍ശിച്ചു; കപില്‍ സിബലിന്റെ വീടിന് നേരെ ആക്രമണം

ന്യൂഡല്‍ഹി: പഞ്ചാബ് വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച മുതിര്‍ന്ന നേതാവ് കപില്‍ സിബലിന്റെ വീടിന് നേരെ ആക്രമണം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ പ്രതിഷേധിച്ചു. പെട്ടന്ന് സുഖം പ്രാപിക്കൂ എന്ന പ്ലക്കാര്‍ഡുമായി എത്തിയ പ്രതിഷേധകര്‍ തക്കാളി എറിയുകയും കാര്‍ നശിപ്പിക്കുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്.

രാഹുല്‍ ഗാന്ധി സിന്ദാബാദ് എന്ന മുദ്രാവാക്യവും പ്രതിഷേധകര്‍ ഉയര്‍ത്തിയിരുന്നു. പഞ്ചാബിലെ പ്രതിസന്ധികളില്‍ ചോദ്യവുമായി കപില്‍ സിബല്‍ എത്തിയതിന് പിന്നാലെയാണ് പ്രതിഷേധം.

അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇങ്ങനെ സംഭവിക്കുന്നതു കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്. ഇത് ഐഎസ്‌ഐക്കും പാകിസ്ഥാന് നേട്ടമാണ്. പഞ്ചാബിന്റെ ചരിത്രവും അവിടെ തീവ്രവാദത്തിന്റെ ഉയര്‍ച്ചയും ഞങ്ങള്‍ക്കറിയാം. പഞ്ചാബ് ഐക്യത്തോടെ തുടരുമെന്ന് കോണ്‍ഗ്രസ് ഉറപ്പാക്കണമെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞിരുന്നു.

പാര്‍ട്ടി ഈ നിലയിലെത്തിയതില്‍ ദുഃഖിതനാണ്. രാജ്യം വെല്ലുവിളി നേരിടുമ്പോള്‍ പാര്‍ട്ടി ഈ സ്ഥിതിയിലെത്തിയത് എന്തുകൊണ്ടാണ്. പാര്‍ട്ടി വിട്ട് ഓരോരുത്തരായി പോകുന്നു. വിഎം സുധീരന്‍ പാര്‍ട്ടി പദവികള്‍ രാജിവച്ചു. എന്തു കൊണ്ട് ഈ സ്ഥിതിയെന്ന് അറിയില്ല. അടിയന്തര പ്രവര്‍ത്തകസമിതി ചേരണം. പാര്‍ട്ടിക്ക് കുറെ നാളായി പ്രസിഡന്റില്ല. കോണ്‍ഗ്രസ് വിട്ടവരെ തിരിച്ചു കൊണ്ടുവരണം. തുറന്ന ചര്‍ച്ച പാര്‍ട്ടിയില്‍ വേണമെന്നും കപില്‍ സിബല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പാര്‍ട്ടിയില്‍ പുതിയ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് സിബല്‍ അടക്കമുള്ള ജി23 നേതാക്കള്‍ ഇടക്കാല പ്രസിഡന്റ് സോണിയാഗാന്ധിക്ക് കത്തെഴുതിയിരുന്നു. ഇവരുടെയടക്കം അഭിപ്രായമാണ് വാര്‍ത്താസമ്മേളനം വിളിച്ച് താന്‍ പങ്കുവെക്കുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു.

Top