പ്രശ്‌നം പ്രേക്ഷകരുടെ മുന്‍വിധിയോടെയുള്ള സമീപനം; മലൈക്കോട്ടൈ വാലിബനെ പിന്തുണച്ച് അനുരാഗ് കശ്യപ്

കൊച്ചി: ലിജോ ജോസ് പല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബന്‍’ മികച്ച സിനിമയാണെന്ന് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. പ്രേക്ഷകര്‍ മുന്‍വിധിയോടെ ചിത്രത്തെ സമീപിക്കുന്നതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഡോണ്‍ പാലത്തറയുടെ ‘ഫാമിലി’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനായി കൊച്ചിയില്‍ എത്തിയതായിരുന്നു അനുരാഗ്. എനിക്ക് കണ്ട് വളരെ ഇഷ്ടപ്പെട്ട, പുതുമയുള്ള സിനിമയാണ് ‘മലൈക്കോട്ടൈ വാലിബന്‍’. ആ സിനിമയ്‌ക്കെതിരേ കൂട്ടായ ആക്രമണം നടക്കുന്നതായി കേള്‍ക്കുന്നു. ആരാധകര്‍ വളരെ നിരാശരാണെന്നാണ് പറയുന്നത്. ഞാന്‍ കാണാന്‍ പോകുന്ന സിനിമ ഇങ്ങനെയാണെന്ന് കരുതിയാണ് അവര്‍ തിയേറ്ററില്‍ വരുന്നത്. ആ മുന്‍വിധിയാണ് ഏറ്റവും വലിയ പ്രശ്‌നം.

ഞാനൊരു സിനിമയ്ക്ക് പോകുന്നത് ശൂന്യമായ മനസ്സുമായാണ്. ഞാന്‍ മലൈക്കോട്ടൈ വാലിബന്‍ കാണാനാണ് പോകുന്നത്, അങ്കമാലി ഡയറീസല്ല. ലിജോ ഇത്തവണ എന്താണ് ചെയ്തിരിക്കുന്നതെന്ന് അറിയാനാണ് ഞാനാ സിനിമയ്ക്ക് കയറുന്നത്. എങ്ങനെയാണ് മോഹന്‍ലാല്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെന്ന് അറിയാനാണ്. മുന്നില്‍ വരുന്ന കാഴ്ചകള്‍ ആസ്വദിക്കാനാണ് ഞാന്‍ സിനിമ കാണുന്നത്, അല്ലാതെ ആ കാഴ്ച ഇങ്ങനെയായിരിക്കണമെന്ന് കരുതിയല്ല. അല്ലാതെ സിനിമയ്ക്ക് പോകുന്നത്, നിങ്ങള്‍ ഒരാളുടെ വീട്ടില്‍ ചെന്നിട്ട് മസാലദോശയും സാമ്പാറും തരുമ്പോള്‍ ഞാന്‍ ബീഫാണ് പ്രതീക്ഷിച്ചതെന്ന് പറയുമ്പോലെയാണ്. അത് സിനിമയെന്ന വ്യവസായത്തെയാണ് ബാധിക്കുന്നത്. ഈ ലിജോയെയോ മോഹന്‍ലാലിനെയോ അല്ല പ്രതീക്ഷിച്ചതെന്ന് പറയുമ്പോള്‍ പ്രശ്‌നം നിങ്ങളാണ്. മോഹന്‍ലാലും ലിജോയുമല്ല -അനുരാഗ് പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ എല്ലാവരും സിനിമാ നിരൂപകരാണ്. ഞാന്‍ സിനിമയെ ഗൗരവമായി സമീപിക്കുന്ന ഫിലിം ക്രിട്ടിക്കുകളെ മാത്രമേ ശ്രദ്ധിക്കാറുള്ളൂ. മറ്റെല്ലാം അഭിപ്രായങ്ങളാണ്. ആളുകള്‍ക്ക് അഭിപ്രായങ്ങളുണ്ടാകാം. കൂട്ടായ ആക്രമണം സിനിമയുടെ ബിസിനസിനെ തകര്‍ക്കും. എന്നാല്‍, അതുകൊണ്ട് നല്ല സിനിമയുടെ മൂല്യം ഇല്ലാതാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top