കോലിയെ സെഞ്ചുറി അടിപ്പിക്കാന്‍ അമ്പയറിന്റെ കളിയെന്ന് വിമര്‍ശനം

സിസി ലോകകപ്പില്‍ അപരാജിത കുതിപ്പ് തുടരുകയാണ് ഇന്ത്യ. ബംഗ്ലാദേശിന്റെ 256 റണ്‍സ് 51 പന്ത് ശേഷിക്കേ ഇന്ത്യ മറികടന്നു. സെഞ്ചുറിയുമായി വിരാട് കോലി കളിയിലെ താരമായി മാറി. എന്നാല്‍ കളി കഴിഞ്ഞപ്പോള്‍ പുതിയ വിവാദവും ഉടലെടുത്തു. അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബെറോയുടെ ഒരു തീരുമാനമാണ് വിവാദത്തിന് വഴിതുറന്നത്.

കോലിയെ മനപ്പൂര്‍വം സെഞ്ചുറിയടിക്കാന്‍ അനുവദിക്കുകയായിരുന്നോ അമ്പയര്‍ ചെയ്തതെന്നായിരുന്നു ആരാധരുടെ വിമര്‍ശനം. തൊട്ടടുത്ത പന്ത് സിക്‌സര്‍ പറത്തി ഇന്ത്യക്ക് ജയം സമ്മാനിച്ച വിരാട് കോലി തന്റെ 48-ാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു.

വിരാട് കോലിയുടെ വ്യക്തിഗത സ്‌കോര്‍ 97ല്‍ നില്‍ക്കുമ്പോഴായിരുന്നു 42ാം ഓവറില്‍ നാസുന്‍ അഹമ്മദ് വൈഡ് എറിയുന്നത്. ഇന്ത്യക്ക് ഈസമയം ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും രണ്ട് റണ്‍സും. ബൗണ്ടറി നേടിയാലല്ലാതെ കോലിക്ക് സെഞ്ചുറി തികയ്ക്കാനാകുമായിരുന്നില്ല. രണ്ടാം പന്ത് ലെഗ് സ്റ്റംപിന് പുറത്തുകൂടെ പോയെങ്കിലും അമ്പയര്‍ വൈഡ് വിളിക്കാതിരുന്നത് ഏവരെയും ഞെട്ടിച്ചു. ഇതിന് പിന്നാലെ ഇന്ത്യന്‍ ഡ്രെസിംഗ് റൂമില്‍ താരങ്ങള്‍ കൂട്ടച്ചിരി ചിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

 

Top