സഞ്ജു സാംസണെ ഇന്ത്യന്‍ ടീമില്‍ നിന്ന് തുടര്‍ച്ചയായി തഴയുന്നതില്‍ വിമര്‍ശനം;താരവുമായി സംസാരിച്ച് അജിത് അഗാര്‍ക്കര്‍

മികച്ച ഫോമിലായിരുന്നിട്ടും മലയാളി താരം സഞ്ജു സാംസണെ ഇന്ത്യന്‍ ടീമില്‍ നിന്ന് തുടര്‍ച്ചയായി തഴയുന്നതില്‍ സെലക്ടര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ആരാധകരില്‍ നിന്ന് ഉയരുന്നത്. ലോകകപ്പും ഏഷ്യാ കപ്പും ഉള്‍പ്പെടെ അടുത്തിടെ നടന്ന ഒരു പരമ്പരയിലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. ഏറ്റവുമൊടുവില്‍, ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള സ്‌ക്വാഡിലും താരത്തെ ഒഴിവാക്കി.

മുംബൈയില്‍ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. യോഗത്തില്‍ എന്താണ് സംഭവിച്ചതെന്ന പൂര്‍ണ വിവരം അറിവായിട്ടില്ലെങ്കിലും, സെലക്ഷന്‍ കമ്മിറ്റിയുടെ ഭാവി പരിപാടികളുടെ ഭാഗമാണ് കേരള ക്രിക്കറ്റ് താരം എന്നാണ് സൂചന. ഭാവിയില്‍ 100 ശതമാനമല്ല, 200 ശതമാനവും സഞ്ജു ടീമിന്റെ ഭാഗമാകുമെന്ന് അജിത് അഗാര്‍ക്കര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫിറ്റ്‌നസ് മെച്ചപ്പെടുത്താന്‍ കഠിനാധ്വാനം ചെയ്യണമെന്ന് സഞ്ജുവിനോട് സെലക്ടര്‍മാരും ടീം മാനേജ്മെന്റും നിര്‍ദേശിച്ചതായും അറിയുന്നു.

യുവനിരയ്ക്ക് പ്രധാന്യം നല്‍കുന്ന ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തുമെന്ന് ഉറപ്പായിരുന്നുവെങ്കിലും അതുണ്ടായില്ല. പഞ്ചാബ് കിംഗ്സിന്റെ വിക്കറ്റ് കീപ്പര്‍-ബാറ്ററായ ജിതേഷ് ശര്‍മ്മ, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കാണ് അവസരം ലഭിച്ചത്. സഞ്ജുവിനെ വീണ്ടും തഴഞ്ഞതില്‍ ചോദ്യങ്ങള്‍ ഉയരുന്നതിനിടെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ താരവുമായി സംസാരിച്ചതായി റിപ്പോര്‍ട്ട്.വിശാഖപട്ടണത്ത് ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ കഴിയില്ലെങ്കിലും, വ്യാഴാഴ്ച ആളൂരില്‍ നടക്കുന്ന വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ കേരള ടീമിനെ നയിക്കാന്‍ സഞ്ജു ഒരുങ്ങുകയാണ്. ആഭ്യന്തര ഏകദിന ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ സഞ്ജുവിന് ടീം ഇന്ത്യയിലേക്ക് മടങ്ങിവരാം.

 

Top