പിണറായിയെ വിമർശിച്ചത് തിരിച്ചടിച്ചു, എം.എസ്.എഫ് നേതാവ് വെട്ടിലായി !

ന്ത്രി കെ.ടി ജലീൽ മുസ്ലീംലീഗ് നേതൃത്വത്തിന് നൽകിയിരിക്കുന്ന മുന്നറിയിപ്പ് ഏറെ പ്രസക്തമാണ്. ലീഗ് നേതൃത്വത്തിന്റെ നെഞ്ചിൽ തറക്കുന്ന വാക്കുകളാണത്. ന്യൂജെന്നിൽപെട്ട വിദ്യാർത്ഥി നേതാക്കളെ ഇറക്കി പിണറായി വിജയനെ ‘താനെന്നൊക്കെ’ വിളിപ്പിക്കുന്നവർ അതിന് പ്രതികരണമെന്നോണം അത്തരം വിളികൾ ലീഗിന്റെ ആത്മീയ നേതൃത്വത്തിനെതിരായി ഉയർത്തപ്പെടുമ്പോൾ ധാർമ്മികരോഷം കൊള്ളരുതെന്നാണ് ജലീൽ തുറന്നടിച്ചിരിക്കുന്നത്. ന്യൂ ജെൻ പിള്ളേരെ പാണക്കാട്ട് നിന്നു തന്നെ തിരുത്തുന്നതായിരിക്കും നല്ലതെന്ന ഉപദേശം കൂടിയാണിത്. തീർച്ചയായും ഇക്കാര്യം ഗൗരവമായി ഉൾക്കൊള്ളാൻ ലീഗ് നേതൃത്വം തയ്യാറാകണം. അതല്ലങ്കിൽ കിട്ടേണ്ടത് ‘കിട്ടുമ്പോൾ’ അനുഭവത്തിൽ തന്നെ നിങ്ങളും പഠിച്ചു കൊള്ളും.

“മറ്റുള്ളവരുടെ ആരാധ്യപുരുഷരെ ചീത്ത പറയരുത്. അങ്ങിനെ പറഞ്ഞാൽ അവർ നിങ്ങളുടെ ആരാധ്യരേയും ചീത്ത പറയും” എന്നാണ് വിശുദ്ധ ഖുർആനെ ഉദ്ധരിച്ച് ജലീൽ ലീഗ് നേതൃത്വത്തെ ഓർമ്മിപ്പിച്ചിരിക്കുന്നത്. ആരാധ്യരുടെ കാര്യത്തിൽ മാത്രമല്ല, ബഹുമാന്യരായ നേതാക്കളുടെ കാര്യത്തിലും ഇത് ബാധകമാണെന്നാണ് ഖുർആൻ വ്യാഖ്യാതാക്കൾ പറഞ്ഞുവെച്ചിട്ടുള്ളതെന്നും ജലീൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റെ ഫാത്തിമ തഹ് ലിയയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് മുൻ നിർത്തിയാണ് ഈ മാസ് മറുപടി.
യു.ഡി.എഫിനെ നിയന്തിക്കുന്നത് ലീഗ് ആണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് എം.എസ്.എഫ് നേതാവായ തഹ് ലിയയെ ചൊടിപ്പിച്ചിരുന്നത്.

തികച്ചും രാഷ്ട്രീയമായി മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തെയാണ് അധിക്ഷേപ വാക്കുകളിലൂടെ തഹ് ലിയ നേരിട്ടിരുന്നത്.കോണ്‍ഗ്രസിന്റെ ദേശിയ നേതൃത്വത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നുകൊണ്ട് പോലും കേരളത്തിലെ കോണ്‍ഗ്രസിനെക്കൊണ്ട് മതവര്‍ഗ്ഗീയ കക്ഷികളുമായുള്ള സഖ്യത്തെ അംഗീകരിപ്പിക്കാന്‍ ലീഗിന് കഴിഞ്ഞു എന്നാണ് ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും പരസ്യ പ്രസ്താവനകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വിമർശിച്ചിരുന്നത്.എന്നാല്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ഈ പ്രസ്താവനയിലൂടെ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന കണ്ടെത്തലാണ് തഹലിയ എഫ്.ബി പോസ്റ്റിലൂടെ നടത്തിയിരിക്കുന്നത്. ‘യു.ഡി.എഫിനെ ലീഗ് നിയന്ത്രിച്ചാല്‍’ തനിക്ക് എന്താണ് പ്രശനം മിസ്റ്റര്‍ പിണറായി വിജയന്‍ എന്നതായിരുന്നു അവരുടെ ചോദ്യം.

മുങ്ങികൊണ്ടിരിക്കുന്ന കപ്പലിനെ ലീഗല്ല, സാക്ഷാൽ ‘പടച്ചോൻ’ വിചാരിച്ചാലും രക്ഷപ്പെടുത്താൻ കഴിയില്ലന്ന് സോഷ്യൽ മീഡിയയിൽ കലി തുള്ളുന്ന ക്ഷുഭിത ലീഗുകാരിയും മനസ്സിലാക്കണം. പിണറായി ചൂണ്ടിക്കാട്ടിയത് കോൺഗ്രസ്സിന്റെ ഗതികേടാണ്.കാവി സ്നേഹം മനസ്സിൽ സൂക്ഷിക്കുന്ന നേതാക്കളാണ് ഈ അവസ്ഥയിൽ ആ പാർട്ടിയെയും മുന്നണിയെയും എത്തിച്ചിരിക്കുന്നത്.യു.ഡി.എഫിനെ ആര് നയിച്ചാലും അത് ഇടതുപക്ഷത്തെ സംബന്ധിച്ച് ബാധിക്കുന്ന കാര്യമേയല്ല. എന്നാൽ, കോൺഗ്രസ്സിലെ സെക്യുലർ മനസ്സുകളെ ചിലത് ഓർമ്മിപ്പിക്കാനാണ് മുഖ്യമന്ത്രി ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. തഹ് ല ആരോപിച്ചത് പോലെ,ശബരിമലയില്‍ നഷ്ടപ്പെട്ട വോട്ടുകള്‍ തിരിച്ചു പിടിക്കാന്‍ പിണറായി വിജയന്‍ ഒരു വര്‍ഗീയ കാര്‍ഡുമായും ഇറങ്ങിയിട്ടില്ല.

ജാതിക്കും മതത്തിനും, വർഗ്ഗത്തിനും, നിറത്തിനും മീതെ, മനുഷ്യരെയും, അവരുടെ കഷ്ടപ്പാടുകളെയും നോക്കി കാണുന്നവരാണ് കമ്യൂണിസ്റ്റുകൾ.അതു കൊണ്ട് കൂടിയാണ് നിങ്ങൾ പ്രതിപക്ഷത്തിരിക്കുന്നതും, ഇടതുപക്ഷം ഭരിക്കുന്നതും.തഹ് ലിയ ആരോപിക്കുന്നത് പോലെ ‘‘മുസ്ലിം ലീഗ് യൂ.ഡി.എഫിനെ നിയന്ത്രിക്കുന്നേ’ എന്ന് പറഞ്ഞു ഭീതി പരത്തി വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കേണ്ട ഒരു ഗതികേടും മുഖ്യമന്ത്രിക്കില്ല. കമ്യൂണിസ്റ്റ് നേതാക്കളുടെ മതതര മനസ്സ് ചോദ്യം ചെയ്യാൻ മാത്രം നിങ്ങളാരും തന്നെ വളർന്നിട്ടുമില്ല.പേരിൽ പോലും സമുദായത്തെ ചൂഷണം ചെയ്യുവാൻ ശ്രമിക്കുന്നവർ സ്വന്തം പാർട്ടിയുടെ പേരാണ് ആദ്യം മാറ്റേണ്ടത്. എന്നിട്ട് മതി മതേതര പ്രസംഗം നടത്തുന്നത്. സംസ്ഥാനത്തെ ഹൈന്ദവ വോട്ടുകളിൽ ബഹുഭൂരിപക്ഷവും മാത്രമല്ല, മുസ്ലീം, ക്രൈസ്തവ വോട്ടുകളും, വലിയ രൂപത്തിലാണ് ഇത്തവണയും, ഇടതുപക്ഷത്തിന് ലഭിച്ചിരിക്കുന്നത്.

മുസ്ലീം ലീഗിനും കോൺഗ്രസ്സിനും, ബി.ജെ.പിക്കും സ്വപ്നം പോലും കാണാൻ കഴിയാത്ത നേട്ടമാണിത്. ‘സംഘി വിജയന്‍’ പട്ടം പിണറായി വിജയന് മേൽ ചാർത്താൻ ശ്രമിക്കുന്ന തഹ് ലിയക്ക് ചരിത്രം അറിയില്ലങ്കിൽ അത് പഠിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സംഘി ആയതു കൊണ്ടാണോ ആർ.എസ്.എസ് നേതാവ് പിണറായിയുടെ തലക്ക് ഇനാം പ്രഖ്യാപിച്ചിരുന്നത് ? ചുവപ്പ് – ജിഹാദി ഭീകരത ആരോപിച്ച് പിണറായി സർക്കാറിനെതിരെ അമിത് ഷായും സകല കേന്ദ്ര മന്ത്രിമാരും മാർച്ച് നടത്തിയതും ആരും മറന്ന് പോകരുത്. ഇപ്പാൾ കേന്ദ്ര ഏജൻസികളെ മുൻ നിർത്തിയാണ് വേട്ടയാടാൻ ശ്രമിക്കുന്നത്.ആർ.എസ്.എസിൻ്റെയും ബി.ജെ.പിയുടെയും രാജ്യത്തെ നമ്പർ വൺ ശത്രുക്കളാണ് കമ്യൂണിസ്റ്റുകൾ.കേരളത്തിലെ പിണറായി സർക്കാറാണ്, ആർ.എസ്.എസിന്, യോഗിയേക്കാള്‍ സ്വീകാര്യനെന്ന് പറയുന്ന നാവിനെ, പാണക്കാട്ടെ തങ്ങൾമാർ പോലും അംഗീകരിച്ച് തന്നെന്ന് വരികയില്ല.

ഏത് ലീഗുകാരി കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിച്ചാലും അത് ഈ മണ്ണിൽ വിലപ്പോവുകയില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് ഏറ്റവും ശക്തമായ പ്രക്ഷോഭം നടന്ന സംസ്ഥാനം കേരളമാണ്.ഇതിനെതിരെ, രാജ്യത്ത് ആദ്യം പ്രമേയം പാസാക്കിയ സംസ്ഥാനവും ഇടതുപക്ഷ കേരളത്തിൽ തന്നെയാണ്. 80 ലക്ഷം പേരെയാണ് മനുഷ്യ ശൃംഖലക്കായി കമ്യൂണിസ്റ്റുകൾ തെരുവിലിറക്കിയത്.ഈ ശൃംഖല തകർക്കാൻ ആഹ്വാനം ചെയ്താണ് മുസ്ലീം ലീഗും സമുദായ സ്നേഹം പ്രകടിപ്പിച്ചിരുന്നത്. പാർലമെന്റെൽ പൗരത്വ നിയമ ഭേദഗതി ചർച്ച ചെയ്യുമ്പോൾ ലീഗ് എം.പിമാർ എവിടെ ആയിരുന്നു എന്നതും രാജ്യം കണ്ടതാണ്.’സംഘി’പട്ടം പിണറായിക്കല്ല, ലീഗ് നേതാക്കൾക്കാണ് തഹ് ലിയ യഥാർത്ഥത്തിൽ ചാർത്തി കൊടുക്കേണ്ടിയിരുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിൽ തഹ് ലിയ പ്രതിനിധീകരിക്കുന്ന ലീഗ് വിദ്യാർത്ഥി സംഘടനയുടെ പങ്കും സ്വയം പരിശോധിക്കുന്നത് നല്ലതായിരിക്കും.എസ്.എഫ്.ഐ കാമ്പസുകളിൽ നിന്നും തെരുവിലേക്ക് പ്രതിഷേധാഗ്നി പടർത്തിയപ്പോൾ കാഴ്ചക്കാരായാണ് പലയിടത്തും എം.എസ്.എഫ് മാറിയിരുന്നത്.

ചെങ്കൊടി ക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിൽ പോലും എസ്.എഫ്.ഐ ശക്തമായ പ്രക്ഷോഭമാണ് നടത്തിയിരുന്നത്. ഡൽഹി ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡൻ്റ് കൂടിയായ ഐഷ ഘോഷിന്റെ തലയാണ് സംഘപരിവാറുകാർ അടിച്ചു പൊട്ടിച്ചത്.ഈ സമയം എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റെ എവിടെയായിരുന്നു ? ഈ ആക്രമണത്തെ എതിർത്ത ഒരു പ്രസ്താവന, ലീഗ് മുഖ പത്രത്തിൽ പോലും കാണാൻ കഴിഞ്ഞിട്ടില്ലന്നതും, ഓർക്കണം. ഇതെല്ലാം മറച്ച് പിടിച്ച് കമ്യൂണിസ്റ്റുകളെ നിങ്ങൾ സംഘികളാക്കാൻ നോക്കിയാൽ രാഷ്ട്രീയ കേരളം അത് പുച്ഛിച്ച് തള്ളും. പ്രസംഗത്തിലും പ്രവർത്തിയിലും മാത്രമല്ല പ്രത്യേയശാസ്ത്രപരമായും കാവിയുടെ ആജ്നമ ശത്രുവാണ് കമ്യൂണിസ്റ്റുകൾ.അത് നാളെയും അങ്ങനെ തന്നെയായിരിക്കും.

ന്യൂനപക്ഷങ്ങൾക്ക് വേണ്ടി രാജ്യത്ത് ഏറ്റവും ശക്തമായി പൊരുതുന്ന പാർട്ടിയാണ് സി.പി.എം. ഈ കേരളത്തിൽ തന്നെ അതിന് ഉദാഹരണങ്ങളും നിരവധിയാണ്. ഇവിടെ വർഗ്ഗീയ കലാപങ്ങൾ ഉണ്ടാവാത്തതും യോഗിമാർ ഭരിക്കാതിരിക്കുന്നതും പിണറായി ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റുകൾ ഉള്ളത് കൊണ്ട് മാത്രമാണ്. ഗുജറാത്ത് കലാപകാലത്ത് ജീവനും കൊണ്ട് പലായനം ചെയ്ത കുത്തുബുദ്ദിൻ അൻസാരിക്ക് അന്ന് അഭയം നൽകിയത് മുസ്ലീംലീഗല്ല, കോൺഗ്രസ്സ് സർക്കാറുകളുമല്ല ഇടതുപക്ഷ ബംഗാളായിരുന്നു. ഈ ചരിത്രമെല്ലാം ലീഗിൻ്റെ പുതു തലമുറയും പഠിക്കുന്നത് നല്ലതായിരിക്കും.

Top