ഞാന്‍ മോദിയുടെ കടുത്ത വിമര്‍ശകന്‍ തന്നെ; പ്രസ്താവന വളച്ചൊടിച്ചതാണെന്ന് തരൂര്‍

ന്യൂഡല്‍ഹി: താന്‍ മോദിയുടെ കടുത്ത വിമര്‍ശകന്‍ തന്നെയാണെന്നും മോദി സ്തുതി നടത്തിയെന്ന രീതിയില്‍ തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും ശശി തരൂര്‍ എംപി. തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് തരൂരിന്റെ മറുപടി. ട്വീറ്റിലൂടെയാണ് തരൂര്‍ രംഗത്തെത്തിയത്.

‘മോദിയുടെ കടുത്ത വിമര്‍ശകന്‍ തന്നെയാണ് ഞാന്‍. ക്രിയാത്മക വിമര്‍ശനമാണത്. അതില്‍ ഉറച്ച് നില്‍ക്കുന്നു. ഭരണഘടനഘടനാ തത്വങ്ങളിലും ജനാധിപത്യ മൂല്യങ്ങളിലും ഉറച്ച് വിശ്വസിച്ച്ക്കൊണ്ടാണ് മൂന്ന് തവണ തനിക്ക് തിരഞ്ഞെടുപ്പില്‍ ജയിക്കാനായത്. എന്റെ അഭിപ്രായത്തോട് യോജിച്ചില്ലെങ്കിലും തന്റെ സമീപനത്തെ സഹപ്രവര്‍ത്തകരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബഹുമാനിക്കണം’ – അദ്ദേഹം ട്വിറ്റിറില്‍ കുറിച്ചു.

മോദി സ്തുതിയില്‍ കെ.പി.സി.സി തരൂരിനോട് വിശദീകരണവും തേടിയിരുന്നു. മാനസാന്തരം എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാന്‍ ശശി തരൂര്‍ തയ്യാറാകണമെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടിരുന്നു.

മോദിയെ ദുഷ്ടനെന്ന് ചിത്രീകരിക്കുന്നത് നല്ലതല്ല. മോദി ചെയ്ത നല്ല കാര്യങ്ങളെ പ്രശംസിക്കണം. അല്ലെങ്കില്‍ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകില്ലെന്നുമുള്ള തരൂരിന്റെ പ്രസ്താവനയാണ് കോണ്‍ഗ്രസില്‍ വിവാദമായത്.

തരൂര്‍ മോദി സ്തുതി നടത്തിയെന്ന് ആരോപിച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് പരാതി നല്‍കിയിരുന്നു.

Top