മെയ്തി സമുദായത്തിന്റെ പതാകയുമായി സമ്മാനദാന ചടങ്ങിലെത്തി; ജീക്സണ്‍ സിങ്ങിനെതിരെ വിമര്‍ശനം

സാഫ് കപ്പിന്റെ ഫൈനലിന് ശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ മെയ്തി വിഭാഗക്കാര്‍ക്ക് പിന്തുണയര്‍പ്പിക്കുന്ന സമുദായത്തിന്റെ പതാകയുമായെത്തിയ ഇന്ത്യന്‍ മിഡ് ഫീല്‍ഡര്‍ ജീക്സണ്‍ സിങ്ങിനെതിരെ വിമര്‍ശനം. വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നു എന്നാണ് താരത്തിനെതിരെ ഉയരുന്ന വിമര്‍ശനം. പുരാതന മണിപ്പൂരിലെ മെയ്തി സമുദായത്തിലെ ഏഴ് രാജവംശങ്ങളെ പ്രതിനിധീകരിക്കുന്ന സപ്തവര്‍ണ്ണ പതാക കാംഗ്ലീപാക്ക് അണിഞ്ഞാണ് താരം ഇന്നലെ രാത്രി സാഫ് കപ്പില്‍ വിജയികള്‍ക്കുള്ള മെഡല്‍ സ്വീകരിച്ചത്.

വിഘടനവാദികളുടെ പതാകയുമായി ജീക്‌സണ്‍ സിങ് എന്താണ് ചെയ്യുന്നത്. ഇതൊരു സംസ്ഥാന-പ്രാദേശിക തല മത്സരമല്ല. നാഷണല്‍ ടീമിനെ പ്രതിനിധീകരിക്കുന്ന അഭിമാനകരമായ ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റ് ആണെന്നും, ഇന്ത്യന്‍ ടീം താരത്തിനെതിരെ നടപടി എടുക്കണം എന്നൊക്കെയാണ് വിമര്‍ശകരുടെ വാദം. കഴിഞ്ഞ രണ്ട് മാസത്തിലേറെയായി മണിപ്പൂരില്‍ വംശീയ സംഘര്‍ഷങ്ങള്‍ തുടരുമ്പോള്‍ ഒരു വിഭാഗത്തിനെ മാത്രം പിന്തുണക്കുന്ന നിലപാടെടുത്തത് ജീക്സണിന്റെ അണ്‍ പ്രൊഫഷണല്‍ സമീപനവും വിഘടനവാദ മനസ്ഥിതിയുമാണ് സൂചിപ്പിക്കുന്നതെന്നും ആക്ഷേപമുണ്ട്.

Top