ആലുവ കൊലപാതകത്തിൽ വിമർശനം; പ്രതിപക്ഷത്തിന് വേറെ ജോലിയില്ലെന്ന് എം.വി.ഗോവിന്ദൻ

തിരുവനന്തപുരം : പ്രതിപക്ഷത്തിനു വേറെ ജോലിയില്ലാത്തതിനാലാണു സർക്കാർ വിരുദ്ധത സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ വീട്ടിൽ സർക്കാർ പ്രതിനിധികൾ എത്താൻ വൈകിയെന്ന പ്രതിപക്ഷ വിമർശനത്തെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു പ്രതികരണം.

‌‘‘മണിക്കൂറുകൾ കൊണ്ടു കൊലപാതകം തിരിച്ചറിയാനും പ്രതിയെ കസ്റ്റ‍ഡിയിൽ എടുക്കാനും മുഴുവൻ കാര്യങ്ങളും ചുരുളഴിയിക്കാനും സാധിച്ച സർക്കാരാണിത്. സർക്കാർ വിരുദ്ധ പരാമർശങ്ങൾ ഇല്ലാതിരുന്നാൽ മാധ്യമങ്ങൾക്കും ബൂർഷാ രാഷ്ട്രീയ പാർട്ടികൾക്കും ഉറക്കമില്ല. അതുകൊണ്ട് ഓരോ ദിവസവും ഓരോന്നു സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. കേസിൽ പൊലീസിന്റെ, ആഭ്യന്തരവകുപ്പിന്റെ പ്രവർത്തനം ശ്ലാഘനീയമാണ്. അത് അംഗീകരിക്കാൻ കഴിയാത്തതുകൊണ്ട് വേറെ എന്തെങ്കിലും കാര്യം പറയുന്നു’’– എം.വി.ഗോവിന്ദൻ പറഞ്ഞു.

ഗണപതി പരാമർശത്തിൽ സ്പീക്കർ ഷംസീർ രാജിവയ്ക്കണമെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രതികരണത്തോടും എം.വി.ഗോവിന്ദൻ പ്രതികരിച്ചു. ‘‘മിത്തുകൾ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റരുത്. സങ്കൽപങ്ങളെ അങ്ങനെ തന്നെ കാണണം. ശാസ്ത്രീയമായ രീതിയിൽ കാര്യങ്ങളെ കാണുമ്പോൾ ഷംസീറിന്റെ പരാമർശത്തിൽ പ്രശ്നമില്ലെന്നു വ്യക്തമാകും’’– എം.വി.ഗോവിന്ദൻ വിശദീകരിച്ചു.

Top