മെസ്സിക്കെതിരെയുള്ള വിമര്‍ശനം; മറഡോണയോട് യോജിക്കുന്നില്ലെന്ന് സാവി

maradona

മെസ്സിക്കെതിരെ മറഡോണ നടത്തിയ വിമര്‍ശനങ്ങളോട് യോജിക്കുന്നില്ലെന്ന് മുന്‍ ബാഴ്‌സലോണ താരം സാവി. മെസ്സി മികച്ച നായകനാണെന്നാണ് തന്റെ അഭിപ്രായം എന്ന് സാവി പറഞ്ഞു. ഇപ്പോള്‍ മെസ്സിക്ക് ആവശ്യം ചിന്തിക്കാന്‍ കുറച്ച് സമയവും വിശ്രമവും ആണ്. അത് കഴിഞ്ഞ് മെസ്സി അര്‍ജന്റീന ടീമിലേക്ക് തിരികെയെത്തും എന്നും സാവി പറഞ്ഞു. ലോകകപ്പിലെ നിരാശയാര്‍ന്ന പ്രകടനത്തിനു ശേഷം മെസ്സി ഇതുവരെ അര്‍ജന്റീനക്കായി കളിച്ചിട്ടില്ല. മെസ്സി ഒരു മോണ്‍സ്റ്റര്‍ ആണെന്നും അര്‍ജന്റീനയുടെ കൂടെ കിരീടങ്ങള്‍ നേടാന്‍ ഇനിയും മെസ്സി ശ്രമിക്കും എന്നും സാവി പറഞ്ഞു.

അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയെ മഹത്തായ താരമെന്നോ ഫുട്‌ബോള്‍ ദൈവമെന്നോ വിശേഷിപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നാണ് ഇതിഹാസ താരം ഡീഗോ മറഡോണ പറഞ്ഞത്. മെസ്സി ക്ലബ്ബിനുവേണ്ടി ഒരു താരവും, രാജ്യത്തിനുവേണ്ടി കളിക്കുമ്പോള്‍ മറ്റൊരാളുമാണെന്ന് മറഡോണ പറഞ്ഞു.

ഒരു നല്ല നേതാവാകാന്‍ മെസ്സിക്ക് കഴിയുന്നില്ല. മത്സരത്തിന് മുന്‍പ് 20 തവണ ടോയ്‌ലറ്റില്‍ പോകുന്നയാളെ എങ്ങിനെയാണ് നല്ല നേതാവെന്ന് വിലയിരുത്തുകയെന്ന് മറഡോണ ചോദിച്ചിരുന്നു.

മികച്ച താരമാണ് മെസ്സിയെന്നതില്‍ സംശയമില്ല. എന്നാല്‍, ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ നയിക്കാന്‍ പ്രാപ്തനല്ല. മെസ്സിയെ ഇപ്പോള്‍ സമ്മര്‍ദ്ദമില്ലാതെ വെറുതെ വിടുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Top