കണ്ണമ്പ്ര റൈസ് പാര്‍ക്ക് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് എ കെ ബാലനെതിരെ വിമര്‍ശനം

പാലക്കാട്: കണ്ണമ്പ്ര റൈസ് പാര്‍ക്ക് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് എ കെ ബാലനെതിരെ വിമര്‍ശനം. വടക്കഞ്ചേരി ഏരിയാ സമ്മേളനത്തില്‍ ആണ് ബാലനെതിരെ വിമര്‍ശനം ഉണ്ടായത്. കൂടിയ വിലയ്ക്ക് സ്ഥലമേറ്റെടുത്തത് അറിഞ്ഞിട്ടും കണ്ണടച്ചു എന്നായിരുന്നു ആരോപണം. പരാതി എത്തിയപ്പോള്‍ മാത്രം പാര്‍ട്ടി അന്വേഷിച്ചു. നടപടി നേരിട്ടവര്‍ക്ക് ഇപ്പോഴും പാര്‍ട്ടി സംരക്ഷണം നല്‍കുകയാണെന്നും ആരോപണം ഉയര്‍ന്നു. മൂന്ന് ലോക്കല്‍ കമ്മിറ്റികളില്‍ നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനം ഉന്നയിച്ചത്

കണ്ണമ്പ്ര റൈസ് പാര്‍ക്ക് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മൂന്നരക്കോടിയുടെ അഴിമതി നടന്നു എന്നായിരുന്നു പാര്‍ട്ടി കമ്മീഷന്‍ കണ്ടെത്തിയത്. ബാങ്ക് സെക്രട്ടറി ആര്‍.സുരേന്ദ്രനെ പുറത്താക്കുകയും സി.കെ.ചാമുണ്ണിയെ ജില്ലാ സെക്രട്ടേറിയേറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു. എന്നാല്‍ എ കെ ബാലന് ഇതുമായി ഒരു ബന്ധവും ഇല്ലെന്നും കണ്ടെത്തിയിരുന്നു

റൈസ് പാര്‍ക്കിനായി 27.66 ഏക്കര്‍ ഭൂമിയാണ് വാങ്ങിയത്. ഏക്കറിന് 23 ലക്ഷം രൂപ പ്രകാരം ആറര കോടിയോളം രൂപയ്ക്കായിരുന്നു ഇടപാട്. എന്നാല്‍ ഏക്കറിന് 16 ലക്ഷം രൂപ മാത്രം വിലയുള്ള ഈ പ്രദേശത്ത്, ഏഴ് ലക്ഷം രൂപ ഏക്കറിന് അധികം നല്‍കി ഭൂമി വാങ്ങിയതില്‍ അഴിമതിയുണ്ടെന്നായിരുന്നു കണ്ണമ്പ്രയിലെ പ്രാദേശിക സിപിഎം നേതാക്കളുടെ പരാതി.

ഭൂമിയിടപാടില്‍ കണ്‍സോര്‍ഷ്യത്തിന് നേതൃത്വം കൊടുക്കുന്നവര്‍ക്ക് പങ്കുണ്ടെന്നും, പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടായതെന്നും ചൂണ്ടിക്കാട്ടി പ്രാദേശിക നേതാക്കള്‍ സംസ്ഥാന നേതത്വത്തിന് പരാതി നല്‍കിയതോടെയാണ് പിന്നീട് പാര്‍ട്ടി അന്വേഷണ കമ്മീഷനെ വച്ചത്.

Top