സിപിഎം ജില്ലാസമ്മേളനത്തില്‍ ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം

pinarayi

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം ഉന്നയിച്ചത്. പൊലീസിനു നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യം അപകടകരമാണെന്നും, ഭരണത്തിലിരിക്കുന്ന സമയത്തും പാര്‍ട്ടിക്ക് പോലീസിനെതിരെ സമരം ചെയ്യേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നുമാണ് ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നത്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ സ്വാതന്ത്ര്യം പോലീസ് ഉദ്യോഗസ്ഥര്‍ ചൂഷണം ചെയ്യുന്നു. ന്യായമായ ആവശ്യങ്ങള്‍ക്ക് പോലും പോലീസ് സ്റ്റേഷനില്‍ ചെല്ലാന്‍ കഴിയാത്ത അവസ്ഥയാണ്. കൊല്ലം ജില്ലയില്‍ പാര്‍ട്ടിക്ക് കാര്യമായി വളരാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു പ്രകാശ് കാരാട്ട് പക്ഷത്തെ തളളികൊണ്ടുള്ള വിമര്‍ശനവും ഉയര്‍ന്നു വന്നത്. ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാടിന് ജില്ലാ സമ്മേളനത്തില്‍ പിന്തുണ ലഭിച്ചു.

കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്നതു പ്രായോഗികമല്ലെന്നു ചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു. ആദ്യ ദിവസം ചര്‍ച്ചയില്‍ പങ്കെടുത്ത ചടയമംഗലം, കടയ്ക്കല്‍ ഏരിയ കമ്മിറ്റികളില്‍ നിന്നുള്ള പ്രതിനിധികളാണ് യെച്ചൂരിയെ പിന്തുണച്ചു സംസാരിച്ചത്. വിഭാഗീയത നീക്കാന്‍ കഴിഞ്ഞെങ്കിലും അതില്‍ നിന്നു മുക്തരാവാന്‍ കഴിയാത്ത സഖാക്കള്‍ പാര്‍ട്ടിയിലും ജില്ലയിലുണ്ടെന്നും വിമര്‍ശനമുണ്ട്. റിപ്പോര്‍ട്ടിന്മേല്‍ ഇന്നും ചര്‍ച്ച തുടരും. നാളെ പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുക്കും.

Top