ചന്ദ്രയാന്‍ മൂന്നിന് ഇന്ന് നിര്‍ണായക ഘട്ടം; പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ ഇന്ന് വേര്‍പെടും

ബെംഗളൂരു: ഇന്ത്യയുടെ അഭിമാന ധൗത്യം ചന്ദ്രയാന്‍ മൂന്നിന് ഇന്ന് നിര്‍ണായക ഘട്ടം. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ ഇന്ന് വേര്‍പെടും. ഇതിന്റെ സമയം ഐഎസ്ആര്‍ഒ പുറത്തുവിട്ടിട്ടില്ല. നിലവില്‍ ചന്ദ്രനില്‍ നിന്ന് 153 മുതല്‍ 163 വരെ ദൂരമുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ 3 ഉള്ളത്.

ഇന്ന് ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ വച്ച് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്നും ലാന്‍ഡര്‍ വേര്‍പെടും. ദൗത്യത്തിലെ നിര്‍ണായക ഘട്ടത്തില്‍ ഒന്നാണിത്. 23 ന് വൈകീട്ട് 5.47 ന് ചന്ദ്രയാന്‍ മൂന്ന് ചന്ദ്രന്റെ സൗത്ത് പോളില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുമന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

വേര്‍പെടുന്ന പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ നിലവിലെ ഭ്രമണപഥത്തില്‍ തുടരും. വിക്രം എന്ന ലാന്‍ഡറിന്റെ ലാന്‍ഡിങ് ഏരിയ നിര്‍ണയം ഉള്‍പ്പെടെ വരും ദിവസങ്ങളില്‍ നടക്കും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള പ്രദേശത്താണ് ലാന്‍ഡിങ്. 500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ഏരിയ മാത്രമായിരുന്നു ചന്ദ്രയാന്‍ രണ്ടില്‍ ലാന്‍ഡിങിന് നിശ്ചയിച്ചിരുന്നത്.

17 ദിവസം ഭൂമിയെ വലംവച്ച ശേഷം ഓഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാന്‍ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങിയത്. ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക് ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്. ഐ എസ് ആര്‍ഒ യുടെ ഏറ്റവും ജിഎസ്എല്‍വി മാര്‍ക്ക് 3 എന്ന വിക്ഷേപണ പേടകമാണ് ചന്ദ്രയാന്‍ 3നെ ഭ്രമണപഥത്തില്‍ എത്തിച്ചത്. ജൂലൈ 14-ന് ഉച്ചകഴിഞ്ഞ് 2.35-നാണ് പേടകത്തെ ഭൂമിയില്‍നിന്ന് വിക്ഷേപിച്ചത്.

Top