ക്രിസ്റ്റ്യാനോ നയിക്കും; ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് പോർച്ചുഗൽ

ലിസ്ബൺ: ലോകകിരീടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മുത്തമിടാനുള്ള അവസാന അവസരം. സ്വന്തം നാടിനായൊരു ലോകകിരീടം നേടിക്കൊടുക്കാനുമുള്ള സുവർണ നിമിഷം. ക്രിസ്റ്റ്യാനോ നായകനായി ഖത്തർ ലോകകപ്പിനുള്ള 26 അംഗ സംഘത്തെ പോർച്ചുഗൽ പ്രഖ്യാപിച്ചു.

കരിയറിലെ അഞ്ചാം ലോക മാമാങ്കത്തിനായി ദോഹയിലേക്ക് പറക്കുന്ന ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം പറങ്കിപ്പടയുടെ കിരീടസ്വപ്‌നങ്ങൾക്ക് കരുത്തുപകരാൻ ശക്തരായ യുവനിരയുമുണ്ട്. സൂപ്പർ താരങ്ങളായ ബ്രൂണോ ഫെർണാണ്ടസ്, പെപെ, ജുവ ഫെലിക്‌സ്, റാഫേൽ ലിയോ, ആൻഡ്രെ സിൽവ എന്നിവരെല്ലാം ടീമിൽ ഇടമുറപ്പിച്ചപ്പോൾ ശ്രദ്ധേയരായ താരങ്ങളും പുറത്തായിട്ടുണ്ട്.

പി.എസ്.ജി മധ്യനിരക്കാരൻ റെനാറ്റോ സാഞ്ചസ് തന്നെയാണ് അക്കൂട്ടത്തിൽ പ്രധാനി. ലിവർപൂൾ മുന്നേറ്റ നിരയിലെ ഡിയോഗോ ജോട്ടയും ടീമിലില്ല. പരിക്കാണ് ജോട്ടയ്ക്ക് തിരിച്ചടിയായത്.

ലോകകപ്പ് കിരീടം പോർച്ചുഗലിന് ഇനിയും കിട്ടാക്കനിയായി തുടരുകയാണ്. കിരീടവരൾച്ചയ്ക്ക് ക്രിസ്റ്റിയാനോയ്ക്ക് അന്ത്യംകുറിക്കാനാകുമോ എന്നാണ് ഫുട്ബോള്‍ ആരാധകർ ഉറ്റുനോക്കുന്നത്. 2006ൽ ജർമനിയിൽ നടന്ന ലോകകപ്പിൽ സെമിയിൽ കടന്നിരുന്നു പോർച്ചുഗൽ. ഇത്തവണ ഗ്രൂപ്പ് ‘എച്ചി’ൽ ഉറുഗ്വെ, ഘാന, ദക്ഷിണ കൊറിയ എന്നിവരോടാണ് പോർച്ചുഗീസ് പടയ്ക്ക് കൊമ്പുകോർക്കാനുള്ളത്.

Top