ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ നിന്നും പുറത്ത്

റിയാദ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ നിന്നും പുറത്ത്. യുഎഇയുടെ അല്‍ ഐനിനോട് പരാജയം വഴങ്ങിയതോടെയാണ് അല്‍ നസര്‍ പുറത്തായത്. കിങ് സൗദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അല്‍ നസര്‍ അടിയറവ് പറഞ്ഞത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു ഗോളടിച്ചെങ്കിലും അല്‍ നസറിന് വിജയിക്കാനായില്ല.

72-ാം മിനിറ്റില്‍ ബ്രസീലിയന്‍ ലെഫ്റ്റ് ബാക്ക് അലക്‌സ് ടെല്ലസ് ഫ്രീകിക്കിലൂടെ ഗോള്‍ നേടി അല്‍ നസറിനെ മുന്നിലെത്തിച്ചു. കളി അധിക സമയത്തേക്ക് നീണ്ടു. എന്നാല്‍ പകരക്കാരനായി ഇറങ്ങിയ അയമാന്‍ യഹ്യയ്ക്ക് 98-ാം മിനിറ്റില്‍ റെഡ് കാര്‍ഡ് കണ്ട് പുറത്തുപോവേണ്ടി വന്നത് അല്‍ നസറിന് തിരിച്ചടിയായി. നിമിഷങ്ങള്‍ക്കകം 103-ാം മിനിറ്റില്‍ സൂപ്പര്‍ സബ് അല്‍ ഷംസി അല്‍ ഐനിന് വേണ്ടി ഗോള്‍ നേടി. 116-ാം മിനിറ്റില്‍ അല്‍ ഐന്‍ ഡിഫന്‍ഡര്‍ റൊണാള്‍ഡോയെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് അല്‍ നസറിന് പെനാല്‍റ്റി ലഭിച്ചു. റൊണാള്‍ഡോ തന്നെ കിക്കെടുക്കുകയും അത് ഗോളാക്കി മാറ്റുകയും ചെയ്തു. സ്‌കോര്‍ 4-3 ആയി മാറുകയും അഗ്രിഗേഷനില്‍ മത്സരം സമനിലയിലാവുകയും ചെയ്തു.ഇതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ട് ഔട്ടില്‍ അല്‍ നസറിന്റെ ബ്രോസോവിച്ച്, ടെല്ലെസ്, ഒറ്റാവിയോ എന്നിവര്‍ പെനാല്‍റ്റികള്‍ നഷ്ടപ്പെടുത്തിയപ്പോള്‍ അല്‍ ഐന്‍ മൂന്ന് കിക്കും ഗോളാക്കി. റൊണാള്‍ഡോ ലക്ഷ്യം കണ്ടെങ്കിലും അല്‍ നസര്‍ പരാജയം വഴങ്ങി. ഇതോടെ അല്‍ ഐന്‍ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനലിലേക്ക് യോഗ്യത നേടി.

രണ്ടാം പകുതിയില്‍ അല്‍ നസറിന്റെ തിരിച്ചുവരവാണ് കാണാന്‍ സാധിച്ചത്. 51-ാം മിനിറ്റില്‍ ഖാലിദ് ഈസയുടെ സെല്‍ഫ് ഗോളില്‍ അല്‍ നസര്‍ ഒപ്പംപിടിച്ചു. 61-ാം മിനിറ്റില്‍ അല്‍ നസറിന് മുന്നിലെത്താനുള്ള അവസരം ലഭിച്ചു. പക്ഷേ ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഷോട്ട് പുറത്തേക്ക് പോയി.

Top