സൗദി പ്രോ ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസ്‌റിന് ജയം

റിയാദ്: സൗദി പ്രോ ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസ്‌റിന് ജയം. ഒന്നിനെതിരെ നാല് ഗോളിന് അല്‍ റിയാദിനെ തോല്‍പ്പിച്ചു. 31-ാം മിനിറ്റില്‍ റൊണാള്‍ഡോയാണ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. ഒരു അസിസ്റ്റും മത്സരത്തില്‍ സിആര്‍7 സ്വന്തമാക്കി. ടാലിസ്‌ക ഇരട്ട ഗോള്‍ നേടിയപ്പോള്‍ മറ്റൊരു ഗോള്‍ ഒക്ടോവിയോയുടെ വകയായിരുന്നു. 16 റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 37 പോയിന്റുമായി ലീഗില്‍ രണ്ടാമതാണ് അല്‍ നസ്ര്. 44 പോയിന്റുള്ള അല്‍ ഹിലാലാണ് സൗദി പ്രോ ലീഗില്‍ ഒന്നാമത്.

സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ വിജയക്കുതിപ്പ് തുടരാന്‍ റയല്‍ മാഡ്രിഡ് ഇന്നിറങ്ങും. എവേ മത്സരത്തില്‍ റിയല്‍ ബെറ്റിസാണ് എതിരാളികള്‍. രാത്രി 8.45നാണ് മത്സരം തുടങ്ങുക. 15 മത്സരങ്ങളില്‍ നിന്ന് 38 പോയിന്റുമായി റയലാണ് നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത്. 25 പോയിന്റുള്ള റിയല്‍ ബെറ്റിസ് ഏഴാം സ്ഥാനത്താണ്. നാളെയാണ് ബാഴ്‌സലോണ-ജിറോണ മത്സരം. അതേസമയം ജര്‍മ്മന്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ബയേണ്‍ മ്യൂനിക്ക് ഇന്നിറങ്ങും. രാത്രി എട്ടിന് നടക്കുന്ന ഐന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടാണ് എതിരാളി. ഐന്‍ട്രാക്ടിന്റെ മൈതാനത്താണ് മത്സരം. 12 മത്സരങ്ങളില്‍ 32 പോയിന്റുമായി നിലവില്‍ രണ്ടാം സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍. 13 കളിയില്‍ നിന്ന് 35 പോയിന്റുള്ള ലെവര്‍ക്യൂസനാണ് ഒന്നാമത്.

അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നവംബര്‍ മാസത്തെ മികച്ച താരമായി മാഞ്ചസ്റ്റര്‍ യുണൈറ്റിന്റെ ഹാരി മഗ്വെയര്‍ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മാസത്തെ മൂന്ന് മത്സരങ്ങള്‍ ക്ലീന്‍ ഷീറ്റ് സ്വന്തമാക്കിയ പ്രകടനമാണ് യുണൈറ്റഡ് ഡിഫന്‍ഡറെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മോശം പ്രകടനങ്ങളുടെ പേരില്‍ ക്യാപ്റ്റന്‍ സ്ഥാനവും പ്ലെയിംഗ് ഇലവനിലെ സ്ഥാനവും നഷ്ടമായ മഗ്വെയറുടെ ശക്തമായ തിരിച്ചുവരാണ് അടുത്തിടെ കണ്ടത്. മുഖ്യതാരങ്ങളുടെ പരിക്കിനിടെ മഗ്വെയറുടെ മിന്നും ഫോം യുണൈറ്റഡിനും തുണയായി.

Top