കളി തോറ്റതിന് ആരാധകന്റെ ഫോണ്‍ തകര്‍ത്ത സംഭവം; ക്രിസ്റ്റിയാനോ മാപ്പ് പറഞ്ഞു

മാഞ്ചെസ്റ്റര്‍: എവര്‍ട്ടണെതിരായ മത്സരം തോറ്റ ശേഷം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങവെ എവര്‍ട്ടണ്‍ ആരാധകന്റെ ഫോണ്‍ തകര്‍ത്ത സംഭവത്തില്‍ ക്ഷമാപണം നടത്തി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു യുണൈറ്റഡിന്റെ തോല്‍വി. ഇതിനു ശേഷം മടങ്ങുമ്പോഴായിരുന്നു താരത്തിന്റെ അതിരുവിട്ട പ്രവൃത്തി. റൊണാള്‍ഡോയുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചതായിരുന്നു എവര്‍ട്ടണ്‍ ആരാധകന്‍. ഇതിനിടെയാണ് നടന്നുപോകുകയായിരുന്ന റൊണാള്‍ഡോ ഫോണ്‍ തട്ടി താഴെയിട്ടത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച കുറിപ്പിലാണ് റൊണാള്‍ഡോ, സംഭവത്തില്‍ ക്ഷമാപണം നടത്തിയത്.

‘ഇപ്പോള്‍ ഞങ്ങള്‍ നേരിടുന്നതു പോലെയുള്ള പ്രയാസമേറിയ ഒരു ഘട്ടത്തെ കൈകാര്യം ചെയ്യുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ എന്തുതന്നെയായാലും നമ്മളെപ്പോഴും ബഹുമാനമുള്ളവരായി ശാന്തരായി നിന്ന് കളിയെ സ്‌നേഹിക്കുന്ന പുതിയ തലമുറയ്ക്ക് മാതൃകയാവണം’, റോണോ ട്വിറ്ററില്‍ കുറിച്ചു.

ഇതിനു പിന്നാലെ തന്റെ പെരുമാറ്റത്തില്‍ ആ ആരാധകനോട് ക്ഷമ ചോദിച്ച താരം എവര്‍ട്ടണ്‍ ആരാധകനെ മത്സരം കാണാനായി ഓള്‍ഡ് ട്രാഫോഡിലേക്ക് ക്ഷണിക്കുകയും ചെയ്തു.

എങ്കിലും റൊണാള്‍ഡോയുടെ ഈ പെരുമാറ്റത്തില്‍ സോഷ്യല്‍ മീഡിയയിലും മറ്റും കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

Top