ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇന്ന് സൗദിയിൽ എത്തും; നാളെ ഗംഭീര സ്വീകരണം

റിയാദ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍പ സമയത്തിനകം റിയാദിലെത്തും. രാത്രി 11 മണിയോടെ അദ്ദേഹം റിയാദില്‍ വിമാനമിറങ്ങും. സൗദി അറേബ്യന്‍ ക്ലബായ അല്‍ നസറുമായി കരാര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് താരം പുറപ്പെട്ടത്. താരത്തെ സ്വീകരിക്കാന്‍ ക്ലബ്ബ് അധികൃതരും കാത്തിരിക്കുകയാണ്. കുടുംബത്തോടൊപ്പം സ്വകാര്യവിമാനത്തിലാണ് താരം റിയാദില്‍ ഇറങ്ങുക. നാളെ റിയാദിലെ മന്‍സൂര്‍ പാര്‍ക്കില്‍ വലിയ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.

ഏകദേശം 1,950 കോടി രൂപയ്ക്കാണ് താരത്തിന് ക്ലബ് നല്‍കുന്ന വാര്‍ഷിക പ്രതിഫലം. രണ്ടര വര്‍ഷത്തെ കരാറിലാണ് മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം ഒപ്പിട്ടത്. നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരമാണ് ക്രിസ്റ്റിയാനോ. പിഎസ്ജി താരം കിലിയന്‍ എംബാപ്പെയാണ് ക്രിസ്റ്റ്യാനോയ്ക്കു പിറകില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ താരം. 128 മില്യന്‍ ഡോളറാണ് താരത്തിനു ലഭിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ലയണല്‍ മെസിയുടെ പ്രതിഫലം 120 മില്യണ്‍ ഡോളറാണ്.

അതേസമയം, അല്‍-നസറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അരങ്ങേറ്റം വൈകും. റൊണാള്‍ഡോയ്ക്ക് ഇംഗ്ലണ്ട് എഫ് എയുടെ വിലക്ക് ഉള്ളതിനാലാണിത്. ആരാധകനോട് മോശമായി പെരുമാറിയ സംഭവത്തില്‍ റൊണാള്‍ഡോ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ട് കളിയില്‍ വിലക്കേര്‍പ്പെടുത്തിയത്.

നവംബറില്‍ എവര്‍ട്ടണെതിരായ മത്സരശേഷം മടങ്ങവെ സെല്‍ഫിയെടുക്കാനായി ഫോണ്‍ നീട്ടി ആരാധകന്റെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിക്കളഞ്ഞ സംഭവത്തിലാണ് റൊണാള്‍ഡോക്ക് വിലക്കും 50000 പൗണ്ട് പിഴയും എഫ് എ (ഫുട്‌ബോള്‍ അസോസിയേഷന്‍) ചുമത്തിയത്. മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് തോറ്റതിന് പിന്നാലെയായിരുന്നു റൊണാള്‍ഡയുടെ രോഷപ്രകടനം.

പ്രീമിയര്‍ ലീഗ് വിട്ട് മറ്റെവിടേക്കെങ്കിലും മാറിയാലും വിലക്ക് ബാധകമാണെന്ന് എഫ് എവ്യക്തമാക്കിയിരുന്നു. ലോകകപ്പില്‍ വിലക്ക് ബാധകമായിരുന്നില്ല. ഇതോടെ ജനുവരി അഞ്ചിനും പതിനാലിനുമുള്ള അല്‍ നസറിന്റെ മത്സരങ്ങള്‍ റൊണാള്‍ഡോയ്ക്ക് നഷ്ടമാവും. ജനുവരി 21ന് എത്തിഫാഖ് എഫ് സിക്കെതിരെ ആയിരിക്കും റൊണാള്‍ഡോയുടെ അരങ്ങേറ്റമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top