ഫുട്‌ബോള്‍ ലോകത്തെ വംശീയാധിക്ഷേപം: കലിദുവിന് പിന്തുണയുമായി റൊണാള്‍ഡോ

മിലാന്‍: ഫുട്‌ബോള്‍ ലോകത്തെ നാണം കെടുത്തി വീണ്ടും മൈതാനത്ത് വംശീയാധിക്ഷേപം. ഇറ്റാലിയന്‍ സീരിസ് എയില്‍ ഇന്റര്‍ മിലാനെതിരായ മത്സരത്തില്‍ നാപ്പോളി പ്രതിരോധ താരം കലിദു കോലിബാലിക്കെതിരെയാണ് വംശീയാധിക്ഷേപം ഉയര്‍ന്നത്.

കളിക്കിടെ സെനഗല്‍ താരമായ കലിദുവിനെ കുരങ്ങന്‍മാരുടെ ശബ്ദമുണ്ടാക്കി മത്സരത്തിലുടനീളം അപമാനിക്കുകയായിരുന്നു ചിലര്‍. മത്സരം നിര്‍ത്തിവെക്കണമെന്ന് നാപ്പോളി പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി ആവശ്യപ്പെട്ടെങ്കിലും റഫറി ചെവികൊടുത്തില്ല എന്നതും വിവാദമായി.

സംഭവം വിവാദമായതോടെ പ്രതികരണവുമായി പല പ്രമുഖരും രംഗത്തെത്തി. കലിദുവിന് പിന്തുണയുമായി യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും എത്തി. ലോകത്തും ഫുട്‌ബോളിലും വിദ്യാഭ്യാസവും ബഹുമാനവും എപ്പോഴും ആവശ്യമുണ്ട്. വംശീയാധിക്ഷേപം അടക്കമുള്ള എല്ലാത്തരം വിവേചനങ്ങളോടും നമുക്ക് വിട പറയാമെന്നും റൊണാള്‍ഡോ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിച്ചാല്‍ മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് സീരിസ് എ സംഘാടകര്‍ക്ക് ആന്‍സലോട്ടി മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ മിലാന്‍ ഗവര്‍ണറും മാപ്പ് ചോദിച്ച് രംഗത്തെത്തി.

തനിക്കേറ്റ അപമാനത്തെക്കുറിച്ച് കലിദുവും പരസ്യമായി പ്രതികരിച്ചു. സെനഗല്‍ മാതാപിതാക്കള്‍ക്ക് ഫ്രാന്‍സില്‍ ജനിച്ചതില്‍ അഭിമാനമുണ്ട്. ഒരു ഗോളിന് തോറ്റതിലും മത്സരം പൂര്‍ത്തിയാകും മുന്‍പ് മടങ്ങിയതിലും സഹതാരങ്ങളോട് മാപ്പ് ചോദിക്കുന്നു. എന്നാല്‍ തന്റെ നിറത്തില്‍ അഭിമാനിക്കുന്നതായും കലിദു ട്വിറ്ററില്‍ കുറിച്ചു. മത്സരത്തില്‍ രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട് 81-ാം മിനുറ്റില്‍ താരത്തിന് മൈതാനം വിടേണ്ടിവന്നിരുന്നു.

Top