മെസ്സിയുടെ ‘ബലോന്‍ ദ് ഓര്‍’ വിജയത്തെ വിമര്‍ശിച്ചു കൊണ്ടുള്ള പോസ്റ്റിന് പ്രതികരിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ബലോന്‍ ദ് ഓര്‍ വിജയത്തെ വിമര്‍ശിച്ചു കൊണ്ടുള്ള പോസ്റ്റിന് പരസ്യമായി പ്രതികരിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മെസ്സിയെ പരിഹസിച്ച് സ്പോര്‍ട്സ് കമന്റേറ്റര്‍ തോമസ് റോണ്‍സെറോയുടെ വീഡിയോക്ക് റൊണാള്‍ഡോ നല്‍കിയ പ്രതികരണമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.  ആസ്‌ടെലിവിഷന്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോ താരം ലൈക്ക് ചെയ്യുകയും ചിരിച്ചു കൊണ്ടുള്ള ഇമോജി കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കമന്റിന് താഴെ റൊണാള്‍ഡോയെ വിമര്‍ശിച്ച് നിരവധി പേരാണ് എത്തുന്നത്.

റൊണാള്‍ഡോയില്‍ നിന്നും ഇത്തരമൊരു സമീപനം പ്രതീക്ഷിച്ചില്ലെന്നാണ് ആരാധകര്‍ പറയുന്നത്. കമന്റ് ഇട്ടതിന്റെ പേരില്‍ റൊണാള്‍ഡോയെ പരിഹസിച്ചും നിരവധി പേരെത്തുന്നുണ്ട്. ‘റൊണാള്‍ഡോ ലോകകപ്പില്‍ നേടിയ ഗോളുകളേക്കാള്‍ കൂടുതലാണ് കമന്റിലെ ഇമോജികളുടെ എണ്ണം’ എന്ന് തുടങ്ങുന്നു സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍. പ്രശസ്ത ഫുട്ബോള്‍ ജേണലിസ്റ്റ് ഫബ്രീസിയോ റൊമാനോ റൊണാള്‍ഡോയുടെ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് ‘ഓണ്‍ എയര്‍’ എന്ന ക്യാപ്ഷനോടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചിട്ടുണ്ട്.

മെസ്സിയ്ക്ക് ഒന്നിലധികം ബലോന്‍ ദ് ഓര്‍ ലഭിക്കേണ്ടതായിരുന്നോയെന്നാണ് വീഡിയോയില്‍ റോണ്‍സെറോ ചോദിക്കുന്നത്. മെസ്സി നേടിയിട്ടുള്ള പല വിജയങ്ങളും അര്‍ഹതയില്ലാത്തതാണെന്നും അദ്ദേഹം ആരോപിച്ചു. ആറ് പെനാല്‍റ്റികളുടെ സഹായത്തോടെ മാത്രമാണ് മെസ്സിയ്ക്ക് ലോകകപ്പ് ലഭിച്ചത്. ആന്ദ്രേ ഇനിയേസ്റ്റയ്ക്കും സാവിക്കും ലഭിക്കേണ്ടിയിരുന്ന ബലോന്‍ ദ് ഓര്‍ മെസ്സി തട്ടിയെടുത്തതാണ്. എര്‍ലിങ് ഹാലണ്ട് എല്ലായിടത്തും ടോപ് സ്‌കോററാവുകയും റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി ആറ് കിരീടങ്ങള്‍ നേടുകയും ചെയ്തിടത്താണ് മെസ്സിയ്ക്ക് പുരസ്‌കാരം ലഭിച്ചതെന്നും റോണ്‍സെറോ കുറ്റപ്പെടുത്തി. ഈ വീഡിയോയ്ക്ക് താഴെയാണ് ലൈക്കും കമന്റുമായി റൊണാള്‍ഡോ അപ്രതീക്ഷിതമായി എത്തിയത്.

Top