ഇന്റര്‍മിലാനെ കീഴടക്കി യുവന്റസ്; റൊണാള്‍ഡോയ്ക്ക് ഇരട്ടഗോൾ

മിലാന്‍: ഇറ്റാലിയന്‍ കപ്പിന്റെ സെമി ഫൈനലിന്റെ ആദ്യ പാദ മത്സരത്തില്‍ ഇന്റര്‍മിലാനെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് കീഴടക്കി യുവന്റസ്. ഇരട്ടഗോളുകളുമായി തിളങ്ങിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പ്രകടന മികവിലാണ് ടീം വിജയിച്ചത്. 13 തവണ ഇറ്റാലിയന്‍ കപ്പ് സ്വന്തമാക്കിയ ടീമാണ് യുവന്റസ്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെയുള്ള ആറാം ഫൈനല്‍ പ്രവേശനമാണ് യുവന്റസ് ലക്ഷ്യം വെയ്ക്കുന്നത്.

ഇന്റര്‍മിലാന്റെ ഹോം ഗ്രൗണ്ടില്‍ വെച്ചുനടന്ന മത്സരത്തില്‍ ഇന്റര്‍മിലാണ് ആദ്യം ലീഡെടുത്തത്. ഒന്‍പതാം മിനിട്ടില്‍ ലൗട്ടാറോ മാര്‍ട്ടിനസ്സിലൂടെ ഇന്റര്‍ മുന്നില്‍ കയറി. എന്നാല്‍ 26-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിന് സമനില ഗോള്‍ സമ്മാനിച്ചു.

പിന്നാലെ 35-ാം മിനിട്ടില്‍ റൊണാള്‍ഡോ ടീമിനായി വിജയഗോള്‍ നേടി. ഈ സീസണില്‍ യുവന്റസിനായി റൊണാള്‍ഡോ നേടുന്ന 22-ാം ഗോളാണിത്. ഇന്ററിന്റെ ടോപ്‌സ്‌കോററായ റൊമേലു ലുക്കാക്കു മത്സരത്തിനിറങ്ങിയിരുന്നില്ല. സെമിഫൈനലിന്റെ രണ്ടാം പാദമത്സരം ഫെബ്രുവരി ഒന്‍പതിന് ടൂറിനില്‍ വെച്ച് നടക്കും.

Top