ഭൂകമ്പത്തില്‍ നിന്ന് രക്ഷപ്പെട്ട സിറിയന്‍ ബാലന്റെ സ്വപ്നം സഫലമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

റിയാദ്: സിറിയയിലെ ഭൂകമ്പത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ബാലന്റെ സ്വപ്നം സഫലമാക്കി സൗദി അറേബ്യന്‍ ക്ലബ് അല്‍ നസ്ര്‍. കഴിഞ്ഞ ദിവസമാണ് നബീല്‍ സയീദ് എന്ന പത്ത വയസ്സുകാരന്റെ സ്വപ്നം യാഥാര്‍ഥ്യമായത്. നാടിനെയാകെ തകര്‍ത്ത് തരിപ്പണമാക്കിയ ഭൂകമ്പത്തിന്റെ നടുക്കത്തില്‍ നിന്ന് സിറിയ ഇതുവരെ മുക്തരായിട്ടില്ല. ദുരന്തഭൂമിയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ നബീല്‍ സയീദ് എന്ന പത്ത വയസ്സുകാരനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയപ്പോള്‍ അവന് പറയാനുണ്ടായിരുന്നത് ഒറ്റ ആഗ്രഹം മാത്രം.

ഇഷ്ടതാരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോടെ നേരില്‍ കാണണം. നബീലിന്റെ ആഗ്രഹമറിഞ്ഞ സൗദി ക്ലബ് അല്‍ നസ്ര്‍ ഇക്കാര്യം റൊണാള്‍ഡോയെ അറിയിക്കുകായിരുന്നു. പിന്നെ നടന്നത് നബീലിന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. സൗദി പ്രോ ലീഗില്‍ അല്‍ ബാതിനുമായുള്ള അല്‍ നസ്‌റിന്റെ കളികാണാനും നബീല്‍ സയീദ് ഗാലറിയിലുണ്ടായിരുന്നു. റൊണാള്‍ഡോയെ നേരില്‍ കണ്ട നിമിഷം കണ്ണുകളില്‍ നിന്ന് ഒരിക്കലും മായരുതെന്നാണ് തന്റെ ഇനിയുള്ള ആഗ്രഹമെന്ന് നബില്‍ സയീദ്. വീഡിയോ കാണാം…

തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പ ദുരിത ബാധിതര്‍ക്ക് ക്രിസ്റ്റ്യാനോ മൂന്ന് കോടി രൂപയുടെ സഹായവും ചെയ്തിരുന്നു. ലോകകപ്പ് ഫുട്‌ബോളിന് തൊട്ടുമുമ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട റൊണാള്‍ഡോ റെക്കോര്‍ഡ് തുകക്കാണ് സൗദി ക്ലബ്ബായ അല്‍ നസ്‌റിലെത്തിയത്. രണ്ടരവര്‍ഷത്തേക്കാണ് അല്‍ നസ്‌റുമായി റൊണാള്‍ഡോ കരാറൊപ്പിട്ടത്.

Top