ക്രിസ്റ്റ്യാനോയ്ക്ക് അഹങ്കാരമോ? മത്സരത്തിനിടെ പിന്‍വലിച്ചതിന് സ്റ്റേഡിയത്തില്‍ നിന്നിറങ്ങിപ്പോയി

ലോകത്തിലെ മികച്ച ഫുട്‌ബോളറായി തുടരാനുള്ള പരിശ്രമത്തിലാണ് യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. എന്നാല്‍ മത്സരം പൂര്‍ത്തിയാക്കാന്‍ പോലും കാത്തുനില്‍ക്കാതെ സ്‌റ്റേഡിയത്തില്‍ നിന്നും ഇറങ്ങിപ്പോകുന്ന അവസ്ഥയിലേക്ക് താരം എത്തിയതിനെ ടീം ആരാധകര്‍ ചോദ്യം ചെയ്യുകയാണ്. എസി മിലാന് എതിരെയുള്ള സീരി എ പോരാട്ടത്തിനിടെ 55ാം മിനിറ്റിലാണ് റൊണാള്‍ഡോയെ പിന്‍വലിച്ചത്.

പകരക്കാരനായി ഇറങ്ങിയ അര്‍ജന്റൈന്‍ താരം ഡൈബാല ടീമിന് വേണ്ടി ഗോള്‍ നേടുകയും ചെയ്തു. ആഴ്ചയില്‍ ഇത് രണ്ടാം തവണയാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍താരത്തെ പിന്‍വലിക്കുന്നത്. കോച്ചിന്റെ തീരുമാനത്തില്‍ റൊണാള്‍ഡോ തൃപ്തനാകാത്ത തരത്തിലാണ് തിരികെ കയറിയത്. കോച്ച് മൗറിസിയോ സാറിയ്ക്ക് നേരെ എന്തോ പറഞ്ഞ ശേഷമാണ് അഞ്ച് തവണ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം നേടിയ താരം ചേഞ്ചിംഗ് റൂമിലേക്ക് മടങ്ങിയത്.

പകരമെത്തിയ ഡൈബാല 77ാം മിനിറ്റില്‍ നേടിയ ഗോള്‍ യുവന്റസിന് വിജയം സമ്മാനിച്ചു. മത്സരത്തിന് ശേഷം കോച്ചിനോട് മാധ്യമങ്ങള്‍ ഇതേക്കുറിച്ച് ചോദ്യം ഉന്നയിച്ചു. താരം മത്സരം പൂര്‍ത്തിയാകും മുന്‍പ് സ്റ്റേഡിയം വിട്ടത് സഹതാരങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് വിമര്‍ശനം. എന്നാല്‍ ഇതേക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് കോച്ച് പ്രതികരിച്ചത്.

ഇനി സംഭവത്തില്‍ സത്യമുണ്ടെങ്കില്‍ അത് ടീം അംഗങ്ങള്‍ സംസാരിച്ച് പരിഹരിക്കേണ്ട വിഷയമാണ്. അധ്വാനിക്കുന്ന വേളയില്‍ തിരികെ വിളിക്കുമ്പോള്‍ കളിക്കാര്‍ രോഷം കാണിക്കുന്നതെല്ലാം പതിവ് കാര്യമാണ്. എന്നാല്‍ കോച്ച് ഇവരേക്കാള്‍ കൂടുതല്‍ ടെന്‍ഷന്‍ അടിക്കുന്നുണ്ട്, യുവന്റസ് കോച്ച് കൂട്ടിച്ചേര്‍ത്തു.

Top