ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഫ്ലോപ്പ് ഇലവനില്‍ ക്രിസ്റ്റ്യാനോയും

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പോര്‍ച്ചുഗലിനെ പ്രീ ക്വാര്‍ട്ടറിലെത്തിച്ചെങ്കിലും ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഫ്ലോപ്പ ഇലവനില്‍ ഇടം നേടിയിരിക്കുകയാണ് നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഗ്രൂപ്പ് ഘട്ടത്തിലെ കളിക്കാരുടെ പ്രകനം നോക്കി ഒരോ കളിക്കാരനും റേറ്റിംഗ് പോയന്റ് നല്‍കി സോഫാസ്കോര്‍ നടത്തിയ മോശം ഇലവനെ തെരഞ്ഞെടുത്തപ്പോഴാണ് റൊണാള്‍ഡോയും ഇതില്‍ ഇടം നേടിയത്.

ലോകത്തിലെ പ്രധാന ടൂര്‍ണമെന്‍റുകളിലെ കളിക്കാരുടെ പ്രകടനം വിലയിരുത്തി അവര്‍ക്ക് റേറ്റിംഗ് നല്‍കുന്ന ഏജന്‍സിയാണ് ക്രൊയേഷ്യയിലെ സാഗ്രെബ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫാസ്കോര്‍. ലോകകപ്പ് ഗ്രൂപ്പ് ഘടത്തിലെ പ്രകടനങ്ങള്‍ കണക്കിലെടുത്ത് സോഫാസ്കോര്‍ റൊണാള്‍ഡോക്ക് നല്‍കിയിരിക്കുന്ന റേറ്റിംഗ് 6.37 മാത്രമാണ്. റേറ്റിംഗിന്റെ അടിസ്ഥാനത്തില്‍ സോഫാസ്കോര്‍ തെരഞ്ഞെടുത്ത ടീമില്‍ ഖത്തറിന്റെ നാലു കളിക്കാരുണ്ട്.

കാനഡയില്‍ നിന്നും കോസ്റ്റോറിക്കയില്‍ നിന്നും രണ്ട് പേരും സൗദി അറേബ്യ, ഓസ്ട്രേലിയ പോര്‍ച്ചുഗല്‍ ടീമുകളില്‍ നിന്ന് ഓരോ കളിക്കാരുമാണ് മോശം ഇലവനിലുള്ളത്. ഗ്രൂപ്പ് ഘട്ടത്തില്‍ പെനല്‍റ്റിയിലൂടെ ഘാനക്കെതിരെ റൊണാള്‍ഡോ ഗോള്‍ നേടിയിരുന്നു. യുറുഗ്വേക്കെതിരായ മത്സരത്തില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് നേടിയ ഗോളില്‍ തന്റെ തലയില്‍ തട്ടിയാണ് ഗോളായതെന്ന് റൊണാള്‍ഡോ അവകാശപ്പെട്ടിരുന്നു.

കൊറിയക്കെതിരായ മത്സരത്തില്‍ നിറം മങ്ങിയ റൊണാള്‍ഡോയെ കോച്ച് 65-ാം മിനിറ്റില്‍ തിരിച്ചുവിളിച്ചിരുന്നു. ഇതില്‍ റൊണാള്‍ഡോ രോഷം കൊണ്ടെങ്കിലും താന്‍ ദക്ഷിണ കൊറിയന്‍ താരത്തോടാണ് ദേഷ്യപ്പെട്ടതെന്ന് റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു.

Top