100 കോടി ഡോളര്‍ ക്ലബ്ബിലെത്തുന്ന ആദ്യ ഫുട്ബോള്‍ താരമായി റൊണാള്‍ഡോ

ദുബായ്: 100 കോടി ഡോളര്‍ (ഏകദേശം 7600 കോടിയിലേറെ രൂപ)വരുമാനം നേടുന്ന ആദ്യ ഫുട്ബോള്‍ താരമെന്ന റെക്കോഡ് സ്വന്തമാക്കി ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

ഫുട്ബോളിന്റെ ചരിത്രത്തില്‍ ഇതാദ്യമാണ് ഒരു താരം ഇത്രയും വാര്‍ഷിക വരുമാനം നേടുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഫുട്ബോള്‍ താരം എന്നതിനൊപ്പം ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്സിനും ബോക്സര്‍ ഫ്ളോയ്ഡ് മെയ്വെതറിനും ശേഷം ഇത്രയും വരുമാനം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം കായിക താരമെന്ന നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കി കഴിഞ്ഞു. 2009-ലാണ് ടൈഗര്‍ വുഡ്‌സ് ഈ നേട്ടം സ്വന്തമാക്കിയത്. മെയ്വെതര്‍ 2017-ലും.

കോവിഡ്-19 പ്രതിസന്ധികളെ തുടര്‍ന്ന് യുവെന്റസ് നാലു മില്ല്യന്‍ യൂറോ (ഏകദേശം 32 കോടിയിലേറെ രൂപ) വെട്ടിക്കുറച്ചതൊന്നും സൂപ്പര്‍ താരത്തിന്റെ വരുമാനത്തെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്നതാണ് ഇത് വ്യക്തമാക്കുന്നത്.

പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ വര്‍ഷം 105 ദശലക്ഷം ഡോളര്‍ (ഏകദേശം 8,000 കോടിയോളം രൂപ) ആണ് റോണാള്‍ഡോ സമ്പാദിച്ചത്.

വരുമാനത്തിന്റെ കാര്യത്തില്‍ ഫോബ്സ് 2020 പട്ടികയില്‍ നാലാം സ്ഥാനത്തെത്താനും റോണാള്‍ഡോ എത്തി.

Top