Cristiano Ronaldo Fan Stabs Lionel Messi Fan to Death

മുംബയ്: മുംബയില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ ആരാധകന്‍ ലയണല്‍ മെസി ആരാധകനെ കുത്തിക്കൊന്നു. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. മെസിയാണോ റൊണാള്‍ഡോയാണോ മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ എന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.

നൈജീരിയന്‍ സ്വദേശിയാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി, കൊല്ലപ്പെട്ട ഒബിന മൈക്കേല്‍ ധുരുംചുക്കുവിന്റെ ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് പ്രതിയായ ചുക്കുവുമ ന്വാബുവും മറ്റ് സുഹൃത്തുക്കളും.

അഗര്‍വാള്‍ നഗരിക്കടുത്തുള്ള മഹേഷ് വെല്‍ഫെയര്‍ സൊസൈറ്റിയിലെ ബി വിംഗിലാണ് നൈജീരിയന്‍ സ്വദേശികളായ ഇവര്‍ താമസിക്കുന്നത്. അതേ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് സംഭവം നടന്നത്. ആഘോഷങ്ങള്‍ക്കു ശേഷം മറ്റെല്ലാരും പോയെങ്കിലും ഇരുവരും ഫുട്‌ബോള്‍ കളി കണ്ടുകൊണ്ട് അവിടെ തന്നെ ചിലവഴിക്കുകയായിരുന്നു.

അര്‍ജന്റീന താരവും ബാസലോണ സ്‌ട്രൈക്കറുമായ മെസിയാണ് ഏറ്റവും നല്ല കളിക്കാരനെന്ന് മൈക്കേല്‍ പറഞ്ഞു എന്നാല്‍ റിയല്‍ മാഡ്രിഡ്, പോര്‍ച്ചുഗല്‍ താരമായ റൊണാള്‍ഡോയാണ് മികച്ചതെന്ന് ന്വാബു എതിര്‍ത്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയായിരുന്നു. ന്വാബു മൈക്കേലിനെ അടിക്കുകയും തിരിച്ച് അയാള്‍ ചില്ലുഗ്ലാസ് ന്വാബുവിന് നേരെ എറിയുകയും ചെയ്തു.

പ്രകോപിതനായ ന്വാബു പൊട്ടിയ ഗ്ലാസു കഷ്ണം കൊണ്ട് മൈക്കേലിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. ചെറിയ ഒരു വാക്കേറ്റത്തിന്റെ പേരില്‍ തന്നെയാണോ കൊലപാതകം നടന്നതെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Top